മസ്‌കത്ത്– ഒമാനിലെ പ്രവാസികൾക്കുള്ള താമസ അനുമതി രേഖയുടെ (റെസിഡന്റ് കാര്‍ഡ്) പരമാവധി കാലാവധി മൂന്ന് വര്‍ഷമായി ദീർഘിപ്പിച്ചു. പൗരത്വ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ വരുത്തിയ ഭേദഗതികളെത്തുടർന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി. പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ഷറൈഖി ആണ് നിയമ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിയമപ്രകാരം, പ്രവാസികള്‍ക്ക് റെസിഡന്റ് കാര്‍ഡ് ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ മൂന്ന് കാലാവധി ഓപ്ഷനുകളാണ് ലഭിക്കുക. തതുല്യമായി ഫീസുകളിലും മാറ്റമുണ്ട്. ഒരു വര്‍ഷത്തിന് 5 റിയാൽ, രണ്ട് വര്‍ഷത്തിന് 10 റിയാൽ, മൂന്ന് വര്‍ഷത്തിന് 15 റിയാൽ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. കാര്‍ഡ് ഉടമകള്‍ കാലാവധി പൂർത്തിയായി 30 ദിവസത്തിനുള്ളില്‍ പുതുക്കല്‍ നിർബന്ധം ആണെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.