ദോഹ- ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും വർധിച്ചുവരുന്ന ഊർജ ആവശ്യകതയ്ക്കും വെല്ലുവിളികൾക്കും ഇടയിൽ, ഖത്തർ ശുദ്ധ ഊർജ വിതരണത്തിലെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഖനിയായ നോർത്ത് ഫീൽഡ് ഈസ്റ്റിന്റെ ആദ്യഘട്ട വിപുലീകരണത്തിന്റെ ഭാഗമായി 2026 മധ്യത്തോടെ പ്രകൃതി വാതകത്തിന്റെ (എൽഎൻജി) കയറ്റുമതി ആരംഭിക്കും.
ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിച്ച ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒവുമായ സാദ് ബിൻ ഷെരിദ അൽ കാബി, വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും 2026 മധ്യത്തോടെ എൻഎഫ്ഇയിൽ നിന്നുള്ള ആദ്യ എൽഎൻജി കയറ്റുമതി ആരംഭിക്കുമെന്നും സ്ഥിരീകരിച്ചു.
2030 ഓടെ പദ്ധതി പൂർത്തിയാകും എന്നും പ്രതിവർഷം 142 ദശലക്ഷം ടൺ ഉൽപാദനശേഷി കൈവരിക്കാൻ ആകും എന്നാണ് ഖത്തറിന്റെ കണക്കുകൂട്ടൽ. 2029 ഓടെ ലോകത്ത് എൽഎൻജി വിതരണത്തിന്റെ 40 ശതമാനവും ഖത്തറിൽ നിന്നാകും.
ഖത്തർ നാഷണൽ ബാങ്കിന്റെ ചീഫ് ബിസിനസ് ഓഫീസർ യൂസഫ് മഹ്മൂദ് അൽ നീമയുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന എട്ടു പ്രകൃതിവാതക യൂണിറ്റിന്റെ നിർമ്മാണം ഖത്തറിന്റെ സാമ്പത്തിക വളർച്ച വളരെ വേഗത്തിൽ ആക്കുമെന്നാണ്.
എൽഎൻജി കയറ്റുമതി മറ്റു മേഖലകളിലും വളർച്ച ഉണ്ടാക്കുമെന്നും അതിലൂടെ ജിഡിപിയിലും വർദ്ധനവ് ഉണ്ടാകുമെന്നും അൽ നീമ പറഞ്ഞു.
ജോർദാനിലെ അൽ-ബൈത് യൂണിവേഴ്സിറ്റിയിലെ ബിസിനസ് സ്കൂൾ വൈസ് ഡീൻ ഡോ. ഒമർ ഖലൈഫ് ഗറൈബെ ഖത്തറിന്റെ ഈ പദ്ധതിയെ പ്രോത്സാഹിപ്പിച്ചു. ജർമ്മനി, ഫ്രാൻസ്, നെതർലാൻഡ് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ദീർഘകാല കരാർ ഒപ്പുവെച്ചത് ഖത്തറിന്റെ വളർച്ചക്ക് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിപുലീകരണ പദ്ധതി മൂന്ന് ഘട്ടങ്ങളിലായിരിക്കും നടക്കുക. ഒന്നാംഘട്ടമായ ഈസ്റ്റ് ഫീൽഡിൽ ആകെ 32 മില്യൺ ടൺ ഉല്പാദിപ്പിക്കുന്ന നാല് യൂണിറ്റുകൾ ആണുള്ളത്. രണ്ടാംഘട്ടമായ സൗത്ത് ഫീൽഡിലും, മൂന്നാംഘട്ടമായ ബെസ്റ്റ് ഫീൽഡിലും 16 മില്യൺ ടൺ ശേഷിയുള്ള രണ്ടു യൂണിറ്റുകളാണ് ഉണ്ടാവുക. വെസ്റ്റ് ഘട്ടത്തിന്റെ നിർമ്മാണം 2027 ലായിരിക്കും ആരംഭിക്കുക.
പദ്ധതി പ്രകാരം 82.5 ബില്യൺ ഡോളറാണ് ( ഏകദേശം 7 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവാക്കുന്നത്. 59 ബില്യൺ ഡോളറിന്റെ ചെലവ് വഹിക്കുക ഖത്തർ എനർജിയാകും. എക്സോൺമൊബിൽ, ടോട്ടൽഎനർജീസ്, ഷെൽ, എനി, കൊനോകോഫിലിപ്സ്, ചൈനയിലെ സൈനോപെക് പോലെയുള്ള പ്രധാന ആഗോള ഊർജ്ജ കമ്പനികളും ഈ പദ്ധതിയുടെ ഭാഗമാണ്
ജർമ്മനി, ഫ്രാൻസ്, നെതർലാൻഡ് എന്ന രാജ്യങ്ങൾക്ക് പുറമേ ഇന്ത്യ,ചൈന പോലെയുള്ള ഏഷ്യൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഖത്തറുമായി കരാർ ഒപ്പ് വച്ചിട്ടുണ്ട്.
മലിനീകരണ പ്രശ്നങ്ങൾ തടയാനായി പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ ഏറ്റവും ശുദ്ധമായ എൽഎൻജി വാതകമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.
ഈ പദ്ധതികൾ എല്ലാം ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വരുന്നതാണ്. വിഷന്റെ ലക്ഷ്യം ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുക, പ്രകൃതി വിഭവങ്ങൾക്ക് പ്രാധാന്യം നൽകുക , രാജ്യത്തെ ആഗോള ഊർജ്ജകേന്ദ്രമായി ശക്തിപ്പെടുത്തുക എന്നിവയെല്ലാമാണ്.