കുവൈത്ത് സിറ്റി – വിമാനത്താവളത്തിലും കരാതിര്‍ത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും തിരക്ക് ഒഴിവാക്കാന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനി മുതല്‍ ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവാദമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക്‌സ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട സ്വദേശികളും പ്രവാസികളും രാജ്യം വിടുന്നതിന് മുമ്പായി പ്രത്യേകം നിര്‍ണയിച്ച കേന്ദ്രങ്ങളില്‍ നിര്‍ബന്ധിത ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്താവളങ്ങള്‍ അടക്കമുള്ള എക്‌സിറ്റ് പോയിന്റുകളില്‍ തിരക്ക് ഒഴിവാക്കാനാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. രാജ്യം വിടാന്‍ പദ്ധതിയിടുന്നവരും ഇതുവരെ ബയോമെട്രിക് ഡാറ്റ സമര്‍പ്പിക്കാത്തവരുമായ കുവൈത്തികളും പ്രവാസികളും ഓരോ ഗവര്‍ണറേറ്റിലെയും സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരായി ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. തലസ്ഥാന ഗവര്‍ണറേറ്റിലെ താമസക്കാര്‍ക്ക് ഹവല്ലി സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തി ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഈ കേന്ദ്രങ്ങള്‍ ദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 2.30 വരെ തുറന്നിരിക്കും.
ഇതിനു പുറമെ, കുവൈത്തികള്‍ക്ക് ഓരോ ഗവര്‍ണറേറ്റിലെയും ദേശീയ ഐ.ഡി കേന്ദ്രങ്ങളില്‍ ബയോമെട്രിക്‌സ് സമര്‍പ്പിക്കാന്‍ കഴിയും. ഈ കേന്ദ്രങ്ങള്‍ ദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 1.30 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം 7.30 വരെയും തുറന്നിരിക്കും. എല്ലാ സ്വദേശികളും സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവാസികളും അവരുടെ ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. വ്യോമ, കടല്‍, കര മാര്‍ഗം രാജ്യം വിടാന്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധ വ്യവസ്ഥയാക്കി മാറ്റുകയും ചെയ്തു.
അതേസമയം, കുവൈത്തില്‍ 65 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച നിയമപ്രകാരം സ്ഥാപിതമായ ട്രാഫിക് കോടതി നിര്‍ത്തലാക്കാനുള്ള അമീരി ഉത്തരവ് ഔദ്യോഗിക ഗസറ്റ് ആയ കുവൈത്ത് അല്‍യൗമില്‍ പ്രസിദ്ധീകരിച്ചു. മൂന്ന് മാസത്തിന് ശേഷം തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. സാധാരണ കോടതികള്‍ക്ക് ഗതാഗത കുറ്റകൃത്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതിനാലാണ് ട്രാഫിക് കോടതി നിര്‍ത്തലാക്കുന്നതെന്നും അതനുസരിച്ച് പ്രത്യേക ട്രാഫിക് കോടതി അനാവശ്യമാണെന്നും അമീരി ഉത്തരവ് പറയുന്നു.



