കുവൈത്ത് സിറ്റി- കുവൈത്തിലെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ ശമ്പളം വിതരണം ചെയ്യുന്നതിനായി ‘കുവൈത്ത് വേജ് പേയ്‌മെന്റ് സിസ്റ്റം’ നിലവിൽ വന്നു. സെൻട്രൽ ബാങ്കാണ് പുതിയ സംവിധാനം ആരംഭിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
പ്രാദേശിക ബാങ്കുകൾ വഴി ജീവനക്കാരുടെ ശമ്പളം കൈമാറുന്നത് കൃത്യമായി നിരീക്ഷിക്കാനും പ്രോസസ്സ് ചെയ്യാനും ഈ സംവിധാനം സഹായിക്കുന്നു. പദ്ധതിയുടെ സാങ്കേതികവും പ്രവർത്തനപരവുമായ നടത്തിപ്പ് സെൻട്രൽ ബാങ്ക് നിർവഹിക്കുമ്പോൾ, തൊഴിലുടമകൾ പുതിയ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഉറപ്പുവരുത്തും. കുവൈത്ത് നാഷണൽ പേയ്‌മെന്റ് സിസ്റ്റത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ തന്ത്രപ്രധാനമായ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ പേയ്‌മെന്റ് സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സിസ്റ്റം, ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇലക്ട്രോണിക് ഡാറ്റാ കൈമാറ്റത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ട്. മാനുവൽ നടപടിക്രമങ്ങൾ പരമാവധി കുറയ്ക്കാനും ഡാറ്റയുടെ ഗുണനിലവാരം ഉയർത്താനും പദ്ധതിയിലൂടെ സാധിക്കും. വേതന വിതരണത്തിലെ വീഴ്ചകളും തടസ്സങ്ങളും തത്സമയം നിരീക്ഷിക്കാനും കണ്ടെത്താനും അധികൃതർക്ക് സാധിക്കും. തൊഴിൽ വിപണി നയങ്ങൾ രൂപീകരിക്കുന്നതിനും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ ഡാറ്റ ഈ സംവിധാനം ലഭ്യമാക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







