മക്ക– റബീഉല്‍ആഖിര്‍ മാസത്തില്‍ 1.17 കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു.
തീര്‍ഥാടകര്‍ക്ക് നല്‍കുന്ന കാര്യക്ഷമമായ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഫലമായി, ഉംറ കര്‍മം നിര്‍വഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം വിദേശങ്ങളില്‍ നിന്ന് 15 ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ എത്തി. പുണ്യഭൂമിയില്‍ എത്തിച്ചേരാനും കര്‍മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാനുമുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് സഹായിച്ച ഡിജിറ്റല്‍ സൗകര്യങ്ങളുടെയും സംയോജിത ലോജിസ്റ്റിക്കല്‍ സേവനങ്ങളുടെയും സ്വാധീനം ഇത് വ്യക്തമാക്കുന്നു.
ഹജ്, ഉംറ, സിയാറത്ത് മേഖല വികസിപ്പിക്കാനും, ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഇരു ഹറമുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിലൂടെയും തീര്‍ഥാടന യാത്ര ആസൂത്രണം ചെയ്യുന്ന നിമിഷം മുതല്‍ സൗദി അറേബ്യ വിടുന്നതുവരെ തീര്‍ഥാടകരുടെ സുഖസൗകര്യങ്ങളിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്രമായ ആത്മീയ അനുഭവം നല്‍കുന്നതിലൂടെയും 2030 വിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഉംറ തീര്‍ഥാടകരുടെ എണ്ണത്തിലുള്ള വര്‍ധന.
തീര്‍ഥാടകര്‍ക്ക് സുഗമവും കൂടുതല്‍ ആശ്വാസകരവുമായ അനുഭവം ഉറപ്പാക്കുന്ന നിലക്ക് ഇരു ഹറമുകളിലും തീര്‍ഥാടന യാത്രയുടെ വിവിധ ഘട്ടങ്ങളിലും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ഡിജിറ്റല്‍, പ്രവര്‍ത്തന സംവിധാനങ്ങള്‍ വികസിപ്പിക്കാനും ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും സംയുക്ത സംരംഭങ്ങള്‍ നടപ്പാക്കുന്നത് തുടരുന്നു.



