കുവൈത്ത് സിറ്റി– ആഴക്കടലിൽ പെട്ടുപോകുന്നവരെ മുങ്ങിനിവർന്നെടുക്കാനും മറ്റു സുരക്ഷാ മാനദണ്ഡങ്ങൾ കൈകാര്യം ചെയ്യാനും കൂടുതൽ പെൺകരുത്തിനെ സജ്ജമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.
2024-2025 അധ്യയന വർഷത്തിനായുള്ള ആദ്യ വനിതാ പൊലിസ് ഡൈവിംഗ് കോഴ്സിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. സമുദ്ര സുരക്ഷാ രംഗത്ത് വനിതകൾക്ക് നിർണായക പങ്ക് വഹിക്കാമെന്നത് ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മേഖലയിൽ ശേഷിയുള്ളവരാക്കി മാറ്റാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിച്ചതെന്നും ശൈഖ് മുബാറക് അലി അൽ യൂസഫ് കൂട്ടിച്ചേർത്തു.
മെയ് 18 മുതൽ ജൂലൈ 10 വരെ നടന്ന കോഴ്സിൽ 17 വനിതാ പൊലിസുകാരാണ് പങ്കെടുത്തത്. ഡൈവിംഗ് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള തിയറിയും പ്രായോഗിക പരിശീലനവുമാണ് അവർക്ക് ലഭിച്ചത്.
ചടങ്ങിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു.