ദോഹ – ഖത്തറിലെ ഉല്‍ഉദൈദ് വ്യോമതാവളത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ഖത്തറില്‍ ആക്രമണം നടത്താന്‍ ഇറാനില്‍ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഒരു മിസൈല്‍ വിജയകരമായി തകര്‍ത്തു. രണ്ടാമത്തെ മിസൈല്‍ ഖത്തര്‍ അല്‍ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടു. ആക്രമണത്തിന്റെ ഫലമായി ആര്‍ക്കും പരിക്കോ ആളപായമോ ഇല്ലെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള ഏതൊരു ബാഹ്യ ഭീഷണിയെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനും ഖത്തര്‍ സായുധ സേനക്ക് പൂര്‍ണ്ണ ശേഷിയും വിഭവങ്ങളും ഉണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരും രാജ്യത്ത് കഴിയുന്ന പ്രവാസികളും സന്ദര്‍ശകരും ശാന്തത പാലിക്കണം. ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കിംവദന്തികളില്‍ കുടുങ്ങരുത്. ഔദ്യോഗിക സ്രോതസ്സുകള്‍ നല്‍കുന്ന പ്രസ്താവനകളെയും വിവരങ്ങളെയും മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



