കുവൈത്ത് സിറ്റി – ഒമ്പതു വയസുകാരനായ സിറിയന്‍ ബാലനെ പെരുന്നാള്‍ ദിവസം ഹവലി ചത്വരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കുവൈത്തി പൗരന് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പോകുന്നതിനിടെയാണ് ബാലനെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബലപ്രയോഗം, ഭീഷണി, വഞ്ചന എന്നിവ ഉപയോഗിച്ച് ഒരാളെ തട്ടിക്കൊണ്ടുപോകുന്ന ഏതൊരാള്‍ക്കും വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 180 ല്‍ പറഞ്ഞിരിക്കുന്ന പരമാവധി ശിക്ഷകള്‍ പ്രതിക്ക് വിധിക്കണമെന്ന് ഇരയുടെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വന്തം ഭാര്യയെ മരുഭൂമിയില്‍ വെച്ച് കാര്‍ കയറ്റിക്കൊലപ്പെടുത്തിയ മറ്റൊരു പ്രതിക്കും കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ അല്‍മുത്‌ലാഅ് മരുഭൂമിയില്‍ വെച്ചാണ് പ്രതി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെരുന്നാള്‍ ദിനത്തില്‍ ഭാര്യയെ തന്ത്രപൂര്‍വം വിജനമായ മരുഭൂമിയിലെത്തിച്ച പ്രതി ഭാര്യയെ കാറിടിച്ച് തള്ളിയിട്ട ശേഷം പലതവണ കാര്‍ ദേഹത്ത് കയറ്റിയിറക്കിയാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചിരുന്നു.



