കുവൈത്ത് സിറ്റി – ഇറാൻ-ഇസ്രായിൽ യുദ്ധവുമായി ബന്ധപ്പെട്ട് കുവൈത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കുവൈത്തിനെതിരായ ഇറാന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ആയിരത്തിലധികം പേരെ സുരക്ഷാ വകുപ്പുകൾ തടങ്കലിലാക്കിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും വീഡിയോയും പങ്കുവെച്ചതാണ് ഇയാൾക്ക് വിനയായത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് അശാന്തി പടർത്താനും ലക്ഷ്യമിട്ടാണ് ഇയാൾ ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇറാനോട് അനുഭാവം പുലർത്തുന്നവർക്ക് പൊതുമാപ്പ് നൽകണമെന്ന് ഇയാൾ വീഡിയോയിലൂടെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ നിയമസമാധാന നിലയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പിടിയിലായ ആളിന്റെ പേരുവിവരങ്ങൾ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇയാൾ ഒരു കുവൈത്ത് പൗരനാണെന്നാണ് ലഭിക്കുന്ന വിവരം. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.



