ദുബൈ– പ്രമുഖ മലയാളി സംരംഭകന്‍ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു മണി/ ലുലു എക്‌സ്‌ചേഞ്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രാദേശിക ഫിന്‍ ടെക് പങ്കാളിയാകും. ദുബൈ പുള്‍മാന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കൊമേര്‍ഷ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ ലുലു മണി അസി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാനില്‍ എന്നിവര്‍ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
ഇത് പ്രകാരം യുഎഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്ങ് കോങ്ങ്, ഫിലിപ്പൈന്‍സ്, ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അര്‍ജന്റീന ദേശിയ ഫുട്‌ബോള്‍ ടീമിന്റെ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ലുലു എക്‌സ്‌ചേഞ്ച്,ലുലു മണി മാര്‍ക്കറ്റിങ്പങ്കാളിയായിരിക്കും. 2026 ലെ യുഎസ്- കാനഡ- മെക്‌സിക്കോ ലോകകപ്പ് ഫുട്‌ബോള്‍ കഴിയുന്നതു വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും.
അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിസ് മാനേജിങ്ങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയില്‍, ലുലു ഫോറെക്‌സും ലുലു ഫിന്‍സെര്‍വുമാണ് എഎഫ്എയെ പ്രതിനിധീകരിക്കുക. മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ലുലു മണിയാണ് അസോസിയേഷന്റെ പങ്കാളി. അടുത്ത 12 മാസത്തിനുള്ളില്‍ ലുലു ഫിന്‍ ഗ്രൂപ്പിന്റെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായും 380-ലേറെ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്ററുകള്‍ വഴിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സര ടിക്കറ്റുകള്‍, ഔദ്യോഗിക എഎഫ്എ ഉത്പന്നങ്ങള്‍, കളിക്കാരെ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
നിലവില്‍ 10 രാജ്യങ്ങളിലായി ലുലു എക്‌സ്‌ചേഞ്ചിന് 347 ബ്രാഞ്ചുകളുണ്ട്. ധാരണ പ്രകാരം ഈ വര്‍ഷം പകുതിയോടെ പ്രമോഷനുകള്‍ ആരംഭിക്കും. ലോകത്തെങ്ങുമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ വളര്‍ച്ചയില്‍ ഈ പുതിയ പങ്കാളിത്തം നിര്‍ണായകമാണെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ ലുലു ഫിന്‍ പറഞ്ഞു. മധ്യപൂര്‍വദേശത്തും ഇന്ത്യയിലും അര്‍ജന്റീന ദേശീയ ടീമിന് ലഭിച്ച ശക്തമായ പിന്തുണ അഭിമാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.