അബുദാബി: ലുലു റീട്ടെയിലിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതോടെ വില്‍പ്പനയ്ക്കു വച്ച ഓഹരികളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിച്ചു. 25 ശതമാനം ഓഹരി വില്‍പ്പനയുമായാണ് ഐപിഒ ആരംഭിച്ചത്. ഐപിഒ നാളെ അവസാനിക്കാനിരിക്കെയാണ് നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഓഹരികളുടെ എണ്ണം കുട്ടിയത്. വിപണിയിലെ വന്‍ ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ വര്‍ധനയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. 258.2 കോടി ഓഹരികളാണ് വിറ്റഴിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ഡിമാന്‍ഡ് കണക്കിലെടുത്ത് ഇത് 310 കോടി ഓഹരികളാക്കിയാണ് ഉയര്‍ത്തിയത്. അധികമായി വില്‍പ്പനയ്ക്കു വച്ച ഓഹരികള്‍ പ്രൊഫഷനല്‍ ഇന്‍വെസ്റ്റര്‍ ഗണത്തിലുള്‍പ്പെടുന്ന നിക്ഷേപകര്‍ക്കു മാത്രമായാണ് വകയിരുത്തിയിരിക്കുന്നത്.
ഐപിഒ ചൊവ്വാഴ്ച അവസാനിക്കുന്നതോടെ ഓഹരി അലോട്ട്‌മെന്റ് നടക്കും. അപേക്ഷിച്ചവര്‍ക്ക് എത്ര ഓഹരി ലഭിച്ചുവെന്ന് ബുധനാഴ്ചയോടെ അറിയാം. 2.04 ദിർഹം ആയിരിക്കും ഒരു ഓഹരിയുടെ വിലയെന്നാണ് സൂചന. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലുലുവിന്റെ ഐപിഒ ഒക്ടോബര്‍ 28നാണ് ആരംഭിച്ചത്. യുഎഇ ഓഹരി വിപണിയിലാണ് (അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്) കമ്പനി ലിസ്റ്റ് ചെയ്യുന്നത്. വില്‍പ്പന തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ക്ക് നൂറു ശതമാനത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നു. യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോഡും ലുലു സ്വന്തമാക്കി.