ദുബൈ-പുഞ്ചിരിയോടെ മാത്രമായിരുന്നു ഡോക്ടര്‍ രോഗികളോട് പെരുമാറിയത്. ഒപ്പം സ്‌നേഹമസൃണമായ പരിചരണവും. രോഗികള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു ഡോ.അന്‍വര്‍. രോഗികളോട് കരുതലോടെയും സ്‌നേഹത്തോടേയും പെരുമാറിയ വ്യക്തിത്വം. അവരെ രോഗമറിഞ്ഞ് ആശ്വസിപ്പിക്കുന്ന ഒരാള്‍. മലയാളികളുടെ സ്വന്തം ഡോക്ടര്‍ പൊടുന്നനെ വിടപറഞ്ഞപ്പോള്‍ പലര്‍ക്കും അത് അവിശ്വസനീയമായിരുന്നു. ദുബൈയിലെ ഈ പ്രമുഖ ഡോക്ടറുടെ വേര്‍പാടില്‍ വിലപിക്കുകയാണ് രോഗികളും സഹപ്രവര്‍ത്തകരും. 18 വര്‍ഷത്തെ ആരോഗ്യ രംഗത്തെ സേവനത്തില്‍ സമ്പാദിച്ച ആ ഡോക്ടറുടെ സ്നേഹത്തിന്റെ കഥകള്‍ അതുല്യമാണെന്ന് പ്രമുഖ യുഎഇ ദിനപത്രം ഗള്‍ഫ് ന്യൂസ് വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് പതിവു വ്യായാമത്തിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങേണ്ടി വന്നത്. മരണത്തില്‍ അനുശോചനമറിയിച്ച് നിരവധിയാളുകള്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തി. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം കുടുംബമെന്നത് അദ്ദേഹത്തിന്റെ രോഗികളാണ്. ഇതിനോട് നൂറു ശതമാനം നീതി പുലര്‍ത്തിയ ഡോക്ടറാണ് അന്‍വര്‍ സാദത്തെന്നാണ് രോഗികളുടെ പ്രതികരണം.ആരോഗ്യ രംഗത്തെ വിദഗ്ദന്‍ എന്നതിനപ്പുറത്തുള്ള ഒരു ബന്ധമായിരുന്നു ഡോക്ടര്‍ രോഗികളുമായി ഉണ്ടാക്കിയെടുത്തത്.
രണ്ട് പതിറ്റാണ്ടോളം ദുബൈയില്‍ എല്ലുരോഗ വിദഗ്ദനായി സേവനം ചെയ്തിരുന്ന ഡോക്ടര്‍ ചികിത്സിച്ച ഭേദമാക്കിയരിക്കുന്ന രോഗികളില്‍ പലരും എന്നും അദ്ദേഹത്തെ ഓര്‍ത്തിരിക്കുമെന്നതാണ് പ്രത്യേകത. അദ്ദേഹവുമായി ഇടപഴകിയ ആര്‍ക്കും അടുത്ത ബന്ധം പോലെ അത് തോന്നിപ്പിക്കുകയുമുണ്ടായി. സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്‍െ വേര്‍പാടില്‍ സങ്കടമറിയിച്ചു. 49ാം വയസ്സിലെ പെട്ടെന്നുണ്ടായ മരണം പലര്‍ക്കും അംഗീകരിക്കാന്‍ പോലും കഴിയാത്തവിധമായിരുന്നു.
കഴിഞ്ഞ 14 വര്‍ഷമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍ ഭാഗമായിരുന്ന ഇദ്ദേഹം രോഗികളില്‍ പലരുടെയും പ്രചോദനവും ആത്മവിശ്വാസവമായിരുന്നു. പലപ്പോഴും രോഗികള്‍ക്ക് അദ്ദേഹം മരുന്ന് നല്‍കാറില്ലെന്നാണ് മുന്‍പ് ചികിത്സ തേടിയ ആളുകളുടെ പ്രതികരണം. ”ഡോക്ടറുടെ കുറിപ്പടിയില്‍ മരുന്നുകള്‍ക്ക് പകരം വ്യായാമത്തിനുള്ള നിര്‍ദേശമായിരുന്നു. തനിക്ക് നഷ്ടപ്പെട്ടത് വെറും ഡോക്ടറെ മാത്രമല്ല. നല്ലൊരു സഹോദരനെയാണ്.” കാല് വേദനയും പുറംവേദനയും കാരണം ഭാര്യയോടൊപ്പം കുറച്ചു ദിവസങ്ങള്‍ക്ക് ഡോക്ടറുടെ അടുത്ത് ചികിത്സതേടിയ എബിസണ്‍ ജേക്കബ് എടുത്തുപറയുന്നു. ”രോഗം മാറുന്നത് ഡോക്ടറുമായി ചേര്‍ന്ന് ഏര്‍പ്പെടുന്ന ടീം എഫേര്‍ട്ടാണെന്നാണ് ഡോക്ടര്‍ അന്‍വര്‍ സാദത്ത് രോഗികളെ വിശ്വസിപ്പിച്ചിരുന്നത്.”- സഹപ്രവര്‍ത്തകനായ ഡോ. ഖാലിദ് അബ്ദുല്ലയുള്‍പ്പെടെ അദ്ദേഹവുമായി ക്ലിനിക്കില്‍ പങ്കിട്ട ദിവസങ്ങളെ സ്മരിച്ചു. ഊര്‍ജ്ജസ്വലനായി എല്ലാവരോടും ചിരിച്ച് പെരുമാറുന്ന ഡോക്ടറുടെ മരണം കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും നഷ്ടമാണെന്നായിരുന്നു പലരുടെയും പ്രതികരണം. നിരവധിയാളുകള്‍ ഡോക്ടറുടെ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കു ചേരുന്നതായി അറിയിച്ചു.