ജിദ്ദ- ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണക്രമവുമാണ് സ്ത്രീകളിൽ പടരുന്ന ഭൂരിഭാഗം രോഗങ്ങൾക്കും കാരണമെന്ന് ഐ.എം.എ മലബാർ ചാപ്റ്റർ പ്രസിഡന്റും അൽ റയാൻ പോളി ക്ലിനിക്കിലെ ഡോക്ടറുമായ വിനീത പിള്ള അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിതാ വിഭാഗം സംഘടിപ്പിച്ച ‘സ്ത്രീകളും ജീവിതശൈലി രോഗങ്ങളും’ എന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളിൽ ഇന്ന് കണ്ടുവരുന്ന പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പൊണ്ണത്തടി തുടങ്ങിയവ വർദ്ധിക്കാൻ പ്രധാന കാരണം ‘ഇൻസുലിൻ റെസിസ്റ്റൻസ്’ ആണെന്ന് അവർ ചൂണ്ടിക്കാട്ടി. ഹോർമോൺ വ്യതിയാനങ്ങൾ, പി.സി.ഒ.എസ്, ഗർഭകാലം, ആർത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ ഫാറ്റി ലിവർ, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
മധുരത്തോടുള്ള അമിത താല്പര്യം, അടിക്കടിയുണ്ടാകുന്ന വിശപ്പ്, കഴുത്തിലും ശരീരത്തിലും കറുപ്പ് നിറം എന്നിവ ഇൻസുലിൻ റെസിസ്റ്റൻസിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. എന്നാൽ ഭക്ഷണത്തിൽ മാറ്റം വരുത്തിയാൽ ഒരു പരിധിവരെ മരുന്നില്ലാതെ തന്നെ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഡോക്ടർ ഓർമ്മിപ്പിച്ചു. നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക, ദിവസവും വ്യായാമം ശീലമാക്കുക, രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. ക്ലാസിനുശേഷം നടന്ന ചോദ്യോത്തര സെഷനിൽ പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
തുടർന്ന് നടന്ന ‘സഹോദരിമാരോട് സ്നേഹപൂർവ്വം’ എന്ന സെഷനിൽ റഷ ബാസിമ സ്വലാഹിയ സംസാരിച്ചു. മഹതികളായ സ്വഹാബാ വനിതകളുടെ ജീവിതം മാതൃകയാക്കി മുന്നോട്ട് പോകണമെന്ന് അവർ പറഞ്ഞു. ആസിയ (റ)യുടെ ഉറച്ച വിശ്വാസവും ഫാത്തിമ (റ), ഉമ്മുഹബീബ (റ), ജുവൈരിയ്യ (റ), സൈനബ് (റ) തുടങ്ങിയവരുടെ ജീവിതപാഠങ്ങളും ഉൾക്കൊണ്ട് സ്രഷ്ടാവിനോട് നന്ദിയുള്ളവരായി ജീവിക്കാൻ അവർ സ്ത്രീകളെ ഉദ്ബോധിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരവും ഖുർആൻ പരീക്ഷാ വിജയികളെ ആദരിക്കുന്ന ചടങ്ങും നടന്നു. ‘ലേൺ ദ ഖുർആൻ’ ഗ്ലോബൽ പരീക്ഷയിലും ഓഫ്‌ലൈൻ പരീക്ഷയിലും മികച്ച വിജയം നേടിയവർക്ക് വനിതാ വിങ്ങിന്റെ സ്നേഹോപഹാരങ്ങൾ നൽകി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിതാ വിഭാഗം പ്രസിഡന്റ് ആമിന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹ്സിന അബ്ദുൽഹമീദ് സ്വാഗതവും ഫാത്തിമ സ്വാലിഹ് നന്ദിയും പറഞ്ഞു.



