കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷാ കാലയളവ് ജീവിത കാലം മുഴുവന്‍ അനുഭവിക്കുന്നതിനു പകരം 20 വര്‍ഷമായി പരിമിതപ്പെടുത്തി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍സ്വബാഹിന്റെ നിര്‍ദേശ പ്രകാരം, ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
ഇരുപതു വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരിൽ വ്യവസ്ഥകള്‍ പാലിക്കുന്ന തടവുകാരുടെ പേരുകള്‍ പ്രത്യേക പട്ടികയാക്കി അവ വേഗത്തില്‍ പരിശോധിക്കാൻ ജയില്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് പറഞ്ഞു. തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ സെന്‍ട്രല്‍ ജയിലിലെത്തിയതായിരുന്നു മന്ത്രി.
ശിക്ഷ അനുഭവിച്ചതിന് ശേഷം ജീവിതം വീണ്ടും കെട്ടിപ്പടുക്കാനും സമൂഹിക ജീവിതം നയിക്കാനുമുള്ള അവസരം നല്‍കുന്നതോടൊപ്പം ശിക്ഷാ കാലവധിക്കും നീതിക്കുമിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.