കുവൈത്ത് സിറ്റി – വിവാഹ മോചനം ചെയ്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്ത മുന്‍ ഭര്‍ത്താവിനോട് യുവതിയുടെ വിചിത്ര പ്രതികാരം. അമ്പതുകാരനായ തന്റെ മുന്‍ ഭര്‍ത്താവ് വ്യാജ രേഖകള്‍ നിര്‍മിച്ചാണ് കുവൈത്ത് പൗരത്വം നേടിയതെന്ന് യുവതി സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തുകയും കള്ളി വെളിച്ചത്താവുകയും ചെയ്തതോടെ യുവതിയുടെ മുന്‍ ഭര്‍ത്താവ് വിദേശത്തേക്ക് രക്ഷപ്പെട്ടു.
ഇയാളുടെ മക്കളെയും സഹോദരങ്ങളെയും സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തുകയും ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തപ്പോള്‍ മറ്റൊരു കുവൈത്തി കുടുംബത്തിലെ അംഗങ്ങളെന്നോണം ഇവരെ വ്യാജമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് വ്യക്തമായി.
വിദേശത്തേക്ക് രക്ഷപ്പെട്ട യുവതിയുടെ മുന്‍ ഭര്‍ത്താവിനെ രേഖകളില്‍ കൃത്രിമം കാണിച്ച് കുവൈത്ത് പൗരത്വം നേടിയ കേസില്‍ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇയാളുടെയും മക്കളുടെയും സഹോദരങ്ങളുടെയും കുവൈത്ത് പൗരത്വം റദ്ദാക്കിയിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ ഒരാള്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്ന ഭിന്നശേഷിക്കാരനാണ്.