കുവൈത്ത് സിറ്റി – അജ്ഞാത വ്യക്തി മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത കുവൈത്തി വനിതയുടെ അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടപ്പെട്ടു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്, കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ കമ്പനിയുടെ പ്രതിനിധി ചമഞ്ഞാണ് അജ്ഞാതന്‍ കുവൈത്തി വനിതയുമായി ഫോണില്‍ സംസാരിച്ചത്.
തുടര്‍ന്ന് വെരിഫിക്കേഷന് എന്ന വ്യാജേന അജ്ഞാതന്‍ ഇവരുടെ മൊബൈല്‍ ഫോണിലേക്ക് ഒരു ലിങ്ക് അയച്ചുനല്‍കി. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രണ്ടു കുവൈത്തി ദീനാര്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അജ്ഞാതന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ലിങ്കില്‍ ക്ലിക്ക് ചെയ്ത് രണ്ടു കുവൈത്തി ദീനാര്‍ അയച്ച ഇവരുടെ പാസ്വേര്ഡ് അടക്കം അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഈ ലിങ്ക് ശേഖരിക്കുകയും ഇവ ഉപയോഗിച്ച് അക്കൗണ്ടിലെ മുഴുവന്‍ പണവും അജ്ഞാതന്‍ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തില്‍ കുവൈത്തി വനിത നല്കിയ പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.