കുവൈത്ത് സിറ്റി – കുവൈത്തില്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കുന്നതിന് പുതിയ ഓണ്‍ലൈന്‍ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഇതോടൊപ്പം ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുമുണ്ട്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായും ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ.ടി മേഖലയുമായും സഹകരിച്ചാണ് പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചിരിക്കുന്നത്. ഇത് സ്വദേശികളെും പ്രവാസികളെയും ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹില്‍ വഴി ഗാര്‍ഹിക തൊഴിലാളി വിസാ സേവനങ്ങള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു.
സര്‍ക്കാര്‍ ഇടപാടുകള്‍ ഡിജിറ്റൈസ് ചെയ്യാനും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും താമസവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലളിതമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം പറഞ്ഞു. സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കാതെ തന്നെ വിസാ അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിക്കുന്നു. കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രോസസ്സിംഗ് സമയം കുറക്കാനും ഇത് സഹായിക്കും.
വീട്ടുജോലിക്കാരുടെയും ഡ്രൈവര്‍മാരുടെയും സ്‌പോണ്‍സര്‍ഷിപ്പ് നിയന്ത്രിക്കുന്ന പരിഷ്‌കരിച്ച മാനദണ്ഡങ്ങളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിംഗിളായി കഴിയുന്ന സ്ത്രീകള്‍ക്ക് ഒരു വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാന്‍ ആവശ്യമായ വിസകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. വിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ, കുട്ടികളുള്ള സ്ത്രീകള്‍ക്കും ഒരു വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാവുന്നതാണ്. കുടുംബങ്ങളുള്ള വിവാഹിതരോ, വിവാഹമോചിതരോ, ഭാര്യ മരണപ്പെട്ടവരോ ആയ പുരുഷന്മാര്‍ക്ക് പരമാവധി മൂന്ന് വീട്ടുജോലിക്കാരികളെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. സിംഗിളായി കഴിയുന്ന പുരുഷന്മാര്‍ക്ക് ഒരു ഡ്രൈവറെ മാത്രം സ്‌പോണ്‍സര്‍ ചെയ്യാനാണ് അര്‍ഹതയുള്ളത്. ഗാര്‍ഹിക തൊഴിലാളി വിഭാഗങ്ങളെ മികച്ച രീതിയില്‍ നിയന്ത്രിക്കുക, സേവനങ്ങളുടെ ന്യായമായ ഉപയോഗം ഉറപ്പാക്കുക, സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളിലുടനീളം ഡിജിറ്റല്‍ ഭരണം ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



