കുവൈത്ത് സിറ്റി – ലോകത്തെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ നൽകുന്നത് താല്‍ക്കാലികമായി നിർത്തിവെക്കാനുള്ള അമേരിക്കൻ വിദേശ മന്ത്രാലയത്തിന്റെ തീരുമാനം ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെയുള്ള കുടിയേറ്റേതര വിസകളെ ബാധിക്കില്ലെന്ന് കുവൈത്തിലെ യു.എസ് എംബസി വക്താവ് സ്റ്റുവർട്ട് ടർണർ വ്യക്തമാക്കി. കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായുള്ള നോൺ-ഇമിഗ്രന്റ് വിസകൾക്ക് നിലവിലെ നിയമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
2026 ജനുവരി 21 മുതലാണ് 75 രാജ്യങ്ങൾക്കുള്ള കുടിയേറ്റ വിസ വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഇമിഗ്രേഷൻ നയങ്ങളുടെ പുനഃപരിശോധനയുടെ ഭാഗമായാണ് ഈ നടപടി. പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ അപേക്ഷകൾ സമർപ്പിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും തടസ്സമില്ലെങ്കിലും, നിശ്ചിത കാലയളവിൽ ഇവർക്ക് കുടിയേറ്റ വിസകൾ അനുവദിക്കില്ല. എന്നാൽ, വിലക്കില്ലാത്ത രാജ്യങ്ങളിലെ പാസ്‌പോർട്ടുള്ള ഇരട്ട പൗരത്വമുള്ളവരെയും നിലവിൽ സാധുവായ കുടിയേറ്റ വിസ കൈവശമുള്ളവരെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയിലേക്ക് എത്തുന്ന കുടിയേറ്റക്കാർ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും നികുതിദായകർക്ക് ഭാരമാകരുതെന്നുമുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുനഃപരിശോധന. കുവൈത്ത്, ഈജിപ്ത്, ജോർദാൻ, ലെബനോൻ, പാകിസ്ഥാൻ തുടങ്ങിയ 12 അറബ് രാജ്യങ്ങൾ ഉൾപ്പെടെ 75 രാജ്യങ്ങളാണ് നിലവിൽ വിലക്ക് പട്ടികയിലുള്ളത്. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലെ ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദേശ മന്ത്രാലയം ചട്ടങ്ങൾ പരിഷ്കരിച്ചുവരികയാണെന്നും എംബസി വക്താവ് കൂട്ടിച്ചേർത്തു.



