കുവൈത്ത് സിറ്റി – മയക്കുമരുന്ന് കേസില്‍ രണ്ടു ഇന്ത്യക്കാര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്തിനകത്ത് വിതരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വന്‍തോതില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാര്‍ക്ക് ജഡ്ജി ഖാലിദ് അല്‍താഹൂസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് വധശിക്ഷ വിധിച്ചത്. കുവൈത്തിലെ കൈഫാന്‍, അല്‍ശുവൈഖ് പ്രദേശങ്ങളില്‍ നിന്നാണ് പ്രതികളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
വിശദമായ അന്വേഷണത്തിലൂടെ അല്‍ശുവൈഖ്, കൈഫാന്‍ എന്നിവിടങ്ങളിലെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇരുവരുടെയും പക്കല്‍ 14 കിലോഗ്രാം ശുദ്ധമായ ഹെറോയിനും എട്ടു കിലോഗ്രാം അതിമാരക രാസലഹരിയും മയക്കുമരുന്ന് തൂക്കാനുള്ള രണ്ട് ഇലക്‌ട്രോണിക് ത്രാസുകളും കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്ന് കുവൈത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചതായിരുന്നു.
മയക്കുമരുന്ന് കടത്ത് ചെറുക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കേസ് കണ്ടെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫിന്റെ മേല്‍നോട്ടത്തില്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിനു കീഴിലെ ആന്റി-നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റ് രാജ്യത്തിന് പുറത്തു നിന്ന് പ്രവര്‍ത്തനം നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലയെ വിജയകരമായി തകര്‍ത്ത് ഇന്ത്യക്കാരായ മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.



