കുവൈത്ത് സിറ്റി – കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മൂന്നു ടണ്ണിലേറെ മയക്കുമരുന്ന് പിടികൂടിയതായും മയക്കുമരുന്ന് വ്യാപാരികളെയും ഉപയോക്താക്കളെയും സഹായിച്ചതിന് ആയിരത്തിലേറെ പ്രവാസികളെ നാടുകടത്തിയതായും ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖബാസര്‍ദ് പറഞ്ഞു. രാസലഹരികള്‍: സമൂഹങ്ങളുടെ രഹസ്യ ശത്രു എന്ന ശീര്‍ഷകത്തില്‍ കുവൈത്ത് കെമിക്കല്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം നടപ്പാക്കിയത് മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടായി. മയക്കുമരുന്ന് വ്യാപാരികള്‍ക്കും കടത്തുകാര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലഹരി വിമുക്ത ചികിത്സ തേടുന്നവരുടെ വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷാരംഭം മുതല്‍ ഏകദേശം 150 മയക്കുമരുന്ന് അടിമകളുടെ കേസുകള്‍ കൈകാര്യം ചെയ്യുകയും ചികിത്സക്കായി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു
സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന ഊര്‍ജിത ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷം 3,039 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ 3,871 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെയെല്ലാം ഡ്രഗ് പ്രോസിക്യൂഷന് കൈമാറി. മൂന്ന് ടണ്‍ വിവിധ മയക്കുമരുന്നുകളും ഒരു കോടി ലഹരി ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് വ്യാപാരികളെയും ഉപയോക്താക്കളെയും സഹായിച്ചതിന് 1,197 പ്രവാസികളെ പൊതുതാല്‍പ്പര്യാര്‍ഥം കുവൈത്തില്‍ നിന്ന് നാടുകടത്തി. നിരീക്ഷണം, വിശകലനം, ഫീല്‍ഡ് എന്‍ഫോഴ്സ്മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംയോജിത സുരക്ഷാ സംവിധാനത്തിലൂടെയാണ് ഈ ഫലങ്ങള്‍ നേടിയത്.
ദ്രുതഗതിയിലുള്ള വ്യാപനം, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഘടന, യുവാക്കളെ നേരിട്ട് ലക്ഷ്യം വെക്കല്‍ എന്നിവ കാരണം രാസലഹരി മരുന്നുകള്‍ ഏറ്റവും അപകടകരമാണ്. മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നേരിടാനുള്ള 2025 ലെ 159-ാം നമ്പര്‍ നിയമം നടപ്പാക്കുന്നതിലൂടെ കുവൈത്ത് പ്രധാന നിയമനിര്‍മ്മാണ നടപടി സ്വീകരിച്ചു. ഇത് പ്രതിരോധം ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് വ്യാപനം കുറക്കുകയും അധികാരികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ നിയമ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്തു. സംഘടിത ക്രിമിനല്‍ ശൃംഖലകള്‍ മയക്കുമരുന്ന് ഉല്‍പ്പാദനം, കടത്ത്, വിതരണം എന്നിവയില്‍ അത്യാധുനിക രീതികളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്.
മയക്കുമരുന്നുകളുടെ വിപത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥരുടെ ശേഷികള്‍ നിരന്തരം വികസിപ്പിക്കുകയും പരിശീലനം വര്‍ധിപ്പിക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നുണ്ട്. മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണ സംരംഭങ്ങളില്‍ എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളും സിവില്‍ അസോസിയേഷനുകളും സ്ഥാപനങ്ങളും സഹകരിക്കണം. കുടുംബങ്ങള്‍ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ നമ്പറായ 1884141 വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖബാസര്‍ദ് അഭ്യര്‍ഥിച്ചു.
രാസലഹരി മരുന്നുകളുടെ അപകടം ആരോഗ്യ, മാനസിക, സാമൂഹിക ആഘാതം എന്നിവയില്‍ മാത്രമല്ല, അവയുടെ ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും എളുപ്പത്തിലാണെന്ന് കുവൈത്ത് കെമിക്കല്‍ സൊസൈറ്റി മേധാവി ഹൈഫ് അല്‍ഹജ്റഫ് പറഞ്ഞു. മയക്കുമരുന്നിനെതിരായ അവബോധം വര്‍ധിപ്പിക്കാനും പ്രതിരോധ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ശാസ്ത്രീയ ശുപാര്‍ശകളിലേക്ക് സെമിനാര്‍ നയിക്കുമെന്ന് ഹൈഫ് അല്‍ഹജ്റഫ് പ്രത്യാശ പ്രകടിപ്പിച്ചു



