കുവൈത്ത് സിറ്റി – രാജ്യരക്ഷ ദുര്‍ബലപ്പെടുത്താനും ക്രമസമാധാനം അസ്ഥിരപ്പെടുത്താനും ലക്ഷ്യമിടുന്ന നിരോധിത ഭീകര പാര്‍ട്ടിയുമായി ബന്ധമുള്ള ധനസഹായ ശൃംഖലയെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനും സ്ഥിരത നിലനിര്‍ത്താനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന നിരന്തരമായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ദേശീയ സുരക്ഷാ ഏജന്‍സിക്ക് ഈ ശൃംഖലയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഭീകര പാര്‍ട്ടിയെ പിന്തുണക്കാനും ധനസഹായം നല്‍കാനുമായി പ്രതികള്‍ രാജ്യത്തിന് പുറത്തേക്ക് മരുന്നുകളും പണവും കടത്തുന്നതായി സുരക്ഷാ അന്വേഷണത്തില്‍ കണ്ടെത്തി. സംശയാസ്പദമായ ധനസഹായ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന തെളിവുകളും വസ്തുക്കളും കണ്ടെത്തുകയും ചെയ്തു. ഭീകര പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി രാജ്യത്തെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ ഫാര്‍മസി പ്രവര്‍ത്തിപ്പിക്കാന്‍ പ്രതികള്‍ സൗകര്യമൊരുക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
രാജ്യരക്ഷ ദുര്‍ബലപ്പെടുത്താനോ സമൂഹത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്താനോ ധൈര്യപ്പെടുന്ന എല്ലാവരെയും ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭീകര പാര്‍ട്ടികളെയോ ഗ്രൂപ്പുകളെയോ പിന്തുണക്കാനോ ധനസഹായം നല്‍കാനോ ഉള്ള ഏതൊരു ശ്രമവും അനുവദിക്കില്ല. രാജ്യരക്ഷയും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്കായി പൂര്‍ണ ശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഇത്തരക്കാരെ നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.