കുവൈത്ത് സിറ്റി – മലേഷ്യന്‍ ഫണ്ട് എന്ന പേരില്‍ അറിയപ്പെട്ട കേസില്‍ പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കുവൈത്ത് രാജകുടുംബാംഗത്തിന് വിചാരണ കോടതി വിധിച്ച പത്തു വര്‍ഷം തടവ് ശിക്ഷ മേല്‍കോടതി ശരിവെച്ചു. മുന്‍ കുവൈത്ത് പ്രധാനമന്ത്രിയുടെ പുത്രന്‍ ശൈഖ് സ്വബാഹ് ജാബിര്‍ അല്‍മുബാറക് അല്‍സ്വബാഹിനാണ് ശിക്ഷ. കേസില്‍ പ്രതികളായ ഇദ്ദേഹത്തിന്റെ പങ്കാളിയെയും രണ്ടു വിദേശികളെയും പത്തു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു.
മറ്റൊരു പ്രതിയായ അഭിഭാഷകന് ഏഴു വര്‍ഷം തടവാണ് ശിക്ഷ. പ്രതികള്‍ 500 കോടി ഡോളര്‍ തിരിച്ചടക്കണമെന്നും വിധിയുണ്ട്. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി 18.3 കോടി കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്.
വിചാരണ കോടതി വിധി മേല്‍കോടതി ശരിവെച്ചതോടെ പ്രതികള്‍ക്കുള്ള ശിക്ഷ അന്തിമമായി മാറിയതായി കുവൈത്തി അഭിഭാഷകന്‍ ഫവാസ് അല്‍ഖതീബ് പറഞ്ഞു. 2009 ല്‍ മലേഷ്യന്‍ ഫണ്ട് സ്ഥാപിച്ചതു മുതല്‍ നിധിയില്‍ നിന്ന് 450 കോടി ഡോളര്‍ അപഹരിക്കപ്പെട്ടതായി അമേരിക്കന്‍, മലേഷ്യന്‍ അന്വേഷണോദ്യോഗസ്ഥര്‍ കണക്കാക്കുന്നു. മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖ്, ഗോള്‍ഡ്മാന്‍ സാക്‌സ് ബാങ്കിലെ ഉദ്യോഗസ്ഥര്‍, മറ്റു രാജ്യങ്ങളിലെ ഉന്നതാധികൃതര്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വെളുപ്പിക്കല്‍ കേസാണിത്. മലേഷ്യന്‍ ഫണ്ടില്‍ നിന്ന് അപഹരിച്ച ഭീമമായ തുക കുവൈത്തി കമ്പനികളും ചൈനീസ് കമ്പനികളും ഉള്‍പ്പെട്ട വ്യാജ ഇടപാടുകളിലൂടെയും വ്യാജ കരാറുകളിലൂടെയും വെളുപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ പ്രതിബന്ധം നേരിട്ടതിനെ തുടര്‍ന്ന് നേരത്തെ കേസന്വേഷണം രണ്ടു വര്‍ഷത്തേക്ക് തടസ്സപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് പബ്ലിക് പ്രോസിക്യൂഷന്‍ വീണ്ടും കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.