കുവൈത്ത് സിറ്റി – അനിഷ്ട സംഭവങ്ങള്‍ തടയാനാണ് ശിയാ ആരാധനാ കേന്ദ്രങ്ങള്‍ക്ക് (ഹുസൈനിയ) നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍സ്വബാഹ് വെളിപ്പെടുത്തി. ചുരുങ്ങിയത് പത്തു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ആശൂറാ ദിനാചരണ ചടങ്ങുകളോടനുബന്ധിച്ചാണ് ഹുസൈനിയകളോട് ചേര്‍ന്ന് താല്‍ക്കാലിക തമ്പുകള്‍ സ്ഥാപിക്കുന്നത് വിലക്കിയത്.
നിയമങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത്. മതചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ല. ഹുസൈനിയകളോട് ചേര്‍ന്ന് കൂറ്റന്‍ തമ്പുകള്‍ സ്ഥാപിക്കുന്നത് ഇത്തവണ വിലക്കിയിട്ടുണ്ട്. നൂറു കണക്കിനാളുകള്‍ ഒത്തുചേരുന്ന തമ്പുകളില്‍ നുഴഞ്ഞുകയറുന്ന ആരെങ്കിലും ടെന്റുകള്‍ക്ക് തീയിട്ടാല്‍ വന്‍ ദുരന്തമാകും സംഭവിക്കുകയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഹുസൈനിയകളില്‍ പതാകകള്‍ ഉയര്‍ത്തുന്നതും ഇവക്ക് പുറത്ത് തമ്പുകള്‍ സ്ഥാപിക്കുന്നതും ഹുസൈനിയ കോംപൗണ്ടുകള്‍ക്ക് പുറത്ത് ആളുകളെയും വാഹന ഗതാഗതവും നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിക്കുന്നതും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. ഹുസൈനിയകള്‍ക്കു സമീപം സുരക്ഷാ സൈനികരെ വിന്യസിക്കുമെന്നും ആളുകളെയും വാഹന ഗതാഗതവും സുരക്ഷാ ഭടന്മാര്‍ നിയന്ത്രിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.