കുവൈത്ത് സിറ്റി – കുവൈത്തിലെ ശിയാ ആരാധനാ കേന്ദ്രങ്ങള്‍ക്ക് (ഹുസൈനിയ്യ) കുവൈത്ത് ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ബാധകമാക്കി. പുതിയ ഹിജ്‌റ വര്‍ഷാരംഭം (നാളെ) മുതല്‍ ഇവ പാലിക്കല്‍ നിര്‍ബന്ധമാണ്. ശിയാ ആരാധനാ കേന്ദ്രങ്ങളില്‍ സുരക്ഷാ സൈനികരുടെ നിര്‍ദേശങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്ത് ദേശീയ പതാക ഒഴികെ മറ്റു പതാകകളോ ക്യാന്‍വാസുകളോ ഇവിടങ്ങളില്‍ ഉയര്‍ത്താന്‍ പാടില്ല. എന്നാല്‍ എംബ്ലങ്ങളും മുദ്രാവാക്യങ്ങളുമില്ലാത്ത ഒരു പതാക സ്ഥാപിക്കാന്‍ അനുവദിക്കും.
എന്ത് കാരണത്തിന്റെ പേരിലായാലും ആരാധനാ കേന്ദ്രങ്ങളുടെ മതിലിന് പുറത്ത് തമ്പുകളോ കിയോസ്‌കുകളോ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കും.
ഇത് ലംഘിച്ച് സ്ഥാപിക്കുന്ന ടെന്റുകളും സ്റ്റാളുകളും ഉടനടി നീക്കം ചെയ്യും. പ്രകടനങ്ങളും പരേഡുകളും നടത്തുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാനും സുരക്ഷ കാത്തുസൂക്ഷിക്കാനും ശിയാ ആരാധനാ കേന്ദ്രങ്ങളുടെ പരിധികളില്‍ സുരക്ഷാ സൈനികര്‍ സേവനമനുഷ്ഠിക്കും. അതിനാല്‍, വാഹന ഗതാഗതം നിയന്ത്രിക്കല്‍, പുറത്തുള്ള ചത്വരങ്ങളില്‍ സന്ദര്‍ശകരുടെ ഇരിപ്പിടം ക്രമീകരിക്കല്‍ പോലെ ഹുസൈനിയ്യ കോംപൗണ്ടിന് പുറത്തുള്ള ഏന്തെങ്കിലും സംഘാടന പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ഈ നിയമ, വ്യവസ്ഥകളും സുരക്ഷാ സൈനികരുടെ നിര്‍ദേശങ്ങളും എല്ലാവരും നിര്‍ബന്ധമായും പാലിക്കണം. ഹുസൈനിയ്യകളില്‍ മതചടങ്ങുകള്‍ നടത്തുമ്പോള്‍ എല്ലാവിധ സഹായങ്ങളും സുരക്ഷാ സൈനികര്‍ നല്‍കും. നിയമ, വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും നിയമങ്ങള്‍ പാലിക്കാത്തവരെ ശക്തമായി കൈകാര്യം ചെയ്യുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.