കുവൈത്ത് സിറ്റി – കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു.
പന്ത്രണ്ടാം ക്ലാസിലെ സയന്‍സ്, ആര്‍ട്‌സ് സ്ട്രീമുകളിലെ സെക്കന്റ് ടേം പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ത്തിയതില്‍ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവി, പൊതു ജീവനക്കാരന്‍ എന്ന നിലയില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ പരീക്ഷകള്‍ രഹസ്യ വിവരങ്ങളായി കണക്കാക്കപ്പെടുന്നു. ചോദ്യപേപ്പറുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് നിര്‍ദേശങ്ങളും ചട്ടങ്ങളും ആവശ്യപ്പെടുന്നു.
പ്രിന്റിംഗ് പ്രസ്സിന്റെ ഇന്‍സിനറേറ്ററില്‍ നശിപ്പിക്കേണ്ടിയിരുന്ന കേടുപാടുകളുള്ള ചോദ്യപേപ്പറുകളുടെ സാമ്പിളുകളുടെ ഫോട്ടോയെടുത്ത് മുഖ്യപ്രതി രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികള്‍ക്ക് കൈമാറുകയായിരുന്നു. ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാവുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ തുല്യ അവസരമെന്ന തത്വത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.