കുവൈത്ത് സിറ്റി – കുവൈത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മാപ്പ് ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. തങ്ങളെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരായ പരാതി അക്രമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പിന്‍വലിക്കുന്നതും കേസ് രമ്യമായി ഒത്തുതീര്‍പ്പാക്കുന്നതും അക്രമികള്‍ക്ക് മാപ്പ് നല്‍കുന്നതും പുതിയ നിയമം വിലക്കുന്നു.
അതേസമയം, ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും എത്തുന്ന ഉപയോക്താക്കളുമായി ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്ക് ചിലപ്പോള്‍ ആ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തന്നെയാകും കാരണക്കാരെന്ന് എതിർവാദം ഉന്നയിച്ചവർ അഭിപ്രായപ്പെട്ടു. പല തര്‍ക്കങ്ങളും രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. നിയമത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇത് ജീവനക്കാരെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അവരുടെ അന്തസ്സ് സംരക്ഷിക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ പെരുമാറ്റത്തിലോ ഇടപഴകലിലോ വിയോജിപ്പുള്ളവരെ നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ പുതിയ നിയമം പ്രേരിപ്പിക്കുന്നതായും ഇവര്‍ പറഞ്ഞു.