കുവൈത്ത് സിറ്റി. വിദേശ വംശജരായ കുവൈത്ത് പൗരന്മാര്‍ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്ക് സ്വമേധയാ കുവൈത്ത് കുവൈത്ത് പൗരത്വം അനുവദിക്കുന്ന നിയമ വകുപ്പ് റദ്ദാക്കി. 1959ലെ പൗരത്വ നിയമത്തിൽ ഇതു സംബന്ധിച്ച ഭേദഗതികൾ വരുത്തി. വിദേശികള്‍ക്ക് കുവൈത്തി പൗരത്വം ലഭിക്കുന്നതിലൂടെ അവരുടെ ഭാര്യമാര്‍ കുവൈത്തി പൗരകളായി മാറില്ല. എന്നാൽ ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കുവൈത്തി പൗരന്മാരായി കണക്കാക്കും. പ്രായപൂര്‍ത്തിയായ വർഷം അവര്‍ക്ക് തങ്ങളുടെ ഒറിജിനല്‍ പൗരത്വം തെരഞ്ഞെടുക്കാവുന്നതാണെന്നും ഭേദഗതി പറയുന്നു. വിദേശികളുമായുള്ള വിവാഹ ബന്ധത്തില്‍ കുവൈത്തി വനിതകള്‍ക്ക് പിറക്കുന്ന മക്കള്‍ക്ക് പൗരത്വം അനുവദിക്കുന്ന കുവൈത്ത് പൗരത്വ നിയമത്തിലെ അഞ്ചാം വകുപ്പിലെ രണ്ടാം ഖണ്ഡികയും റദ്ദാക്കിയിട്ടുണ്ട്.
കുവൈത്ത് പൗരത്വം നേടുന്നവരുടെ പൗരത്വം അഞ്ചു സാഹചര്യങ്ങളില്‍ പിന്‍വലിക്കാവുന്നതാണെന്നും ഭേദഗതി പറയുന്നു. വഞ്ചന, വ്യാജ രേഖകള്‍, കള്ളങ്ങള്‍ എന്നിവയിലൂടെ കുവൈത്ത് പൗരത്വം നേടിവരുടെ പൗരത്വം പിന്‍വലിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇത്തരക്കാര്‍ക്ക് പൗരത്വം ലഭിച്ചതിന്റെ ഫലമായി പൗരത്വം ലഭിച്ച ആശ്രിതരുടെ പൗരത്വവും റദ്ദാക്കും. കുവൈത്ത് പൗരത്വം നേടിയ ശേഷം മാനത്തിനും വിശ്വാസ്യതക്കും നിരക്കാത്ത കുറ്റകുത്യങ്ങള്‍, ദേശസുരക്ഷക്കെതിരായ കുറ്റകൃത്യങ്ങള്‍, ദൈവീക നിന്ദ, പ്രവാചക നിന്ദ, കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ പൗരത്വവും റദ്ദാക്കും.
കുവൈത്ത് പൗരത്വം ലഭിച്ച് 10 വര്‍ഷത്തിനുള്ളില്‍ മാനവും വിശ്വാസ്യതയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ അച്ചടക്ക നടപടികളുടെ ഭാഗമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നവരുടെ പൗരത്വവും റദ്ദാക്കും. രാഷ്ട്ര താല്‍പര്യങ്ങളും സുരക്ഷയും ആവശ്യപ്പെടുന്ന പക്ഷവും കുവൈത്ത് പൗരത്വം റദ്ദാക്കും. രാജ്യത്തെ സാമ്പത്തിക, സാമൂഹിക വ്യവസ്ഥിതിയെ തകര്‍ക്കുന്ന തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ വിദേശ രാഷ്ട്രീയ സംഘടനയില്‍ പെട്ടയാളാണെന്നോ തെളിവുകള്‍ ലഭിച്ചാലും കുവൈത്ത് പൗരത്വം റദ്ദാക്കും.
കുവൈത്തി പൗരന്മാര്‍ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മക്കള്‍ പിറക്കുകയും ചെയ്താല്‍ വിദേശ വനിതകള്‍ക്ക് കുവൈത്ത് പൗരത്വം അനുവദിക്കാന്‍ കുവൈത്ത് ഭരണഘടനയിലെ എട്ടാം വകുപ്പ് അനുവദിക്കുന്നുണ്ട്. അനധികൃത രീതിയില്‍ കുവൈത്ത് പൗരത്വം നേടിയതായി കണ്ടെത്തിയ 12,000ലേറെ പേരുടെ കുവൈത്ത് പൗരത്വം ഓഗസ്റ്റ് മുതല്‍ കുവൈത്ത് റദ്ദാക്കിയിട്ടുണ്ട്.