കുവൈത്ത് സിറ്റി– കുവൈത്തിലെ റോയല്‍ ഫാര്‍മസി ഉടന്‍ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അല്‍അവദി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി, വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അല്‍ആജിലിന് അയച്ച ഔദ്യോഗിക കത്തില്‍ ഉത്തരവ് പാലിച്ച് ഫാര്‍മസി അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. ഫാര്‍മസിയുടെ വാണിജ്യ ലൈസന്‍സും പരസ്യത്തിനുള്ള അനുമതികള്‍, ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം ലൈസന്‍സുകള്‍, ട്രേഡ്മാര്‍ക്ക് ഉപയോഗ അവകാശങ്ങള്‍ എന്നിവ അടക്കം വാണിജ്യ, വ്യവസായ മന്ത്രാലയം നല്‍കിയ എല്ലാ അനുബന്ധ ലൈസന്‍സുകളും അംഗീകാരങ്ങളും റദ്ദാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. കാര്യത്തിന്റെ അടിയന്തിരതയും പ്രാധാന്യവും ഊന്നിപ്പറഞ്ഞ ആരോഗ്യ മന്ത്രി, റോയല്‍ ഫാര്‍മസിക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വാണിജ്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം, ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് അനുസൃതമായി, ആവശ്യമായ ലൈസന്‍സിംഗ് വ്യവസ്ഥകള്‍ ഉടമകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അടുത്തിടെ 15 സ്വകാര്യ ഫാര്‍മസികള്‍ അടച്ചുപൂട്ടുകയും അവയുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടച്ചുപൂട്ടല്‍ തീരുമാനങ്ങള്‍ക്ക് വിധേയമായ ഫാര്‍മസികള്‍ ഒരൊറ്റ സ്ഥാപനത്തിനോ ശൃംഖലക്കോ കീഴിലുള്ളതല്ല. മറിച്ച്, വ്യത്യസ്ത ഫാര്‍മസികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. അംഗീകൃത ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായാണ് ഈ ഫാര്‍മസികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പദവികള്‍ ശരിയാക്കി ആരോഗ്യ, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങള്‍ അംഗീകരിച്ച വ്യവസ്ഥകളും ആവശ്യകതകളും പാലിച്ചുകഴിഞ്ഞാല്‍ അടച്ചുപൂട്ടിയ ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.



