കുവൈത്ത് സിറ്റി – സുരക്ഷ, സ്ഥിരത, നിയമവാഴ്ച എന്നിവ നിലനിര്‍ത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, മഹ്ബൂല പ്രദേശത്തെ റെസിഡന്‍ഷ്യല്‍ ടവറുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മഹ്ബൂലയില്‍ ഏറെ ഉയരമുള്ള ടവറുകള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായതായി അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അധികൃതര്‍ കണ്ടെത്തി. ഊര്‍ജിതമായ അന്വേഷണത്തിലൂടെയും ട്രാക്കിംഗ് ശ്രമങ്ങളിലൂടെയും വീഡിയോ പ്രസിദ്ധീകരിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ ചിത്രീകരിച്ച് ഒരു ഗ്രൂപ്പിലേക്ക് അയച്ചതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
തെറ്റായ റിപ്പോര്‍ട്ടുകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കാരണം അത് പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ഉത്കണ്ഠ ഉളവാക്കുകയും സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അത്തരം പ്രവൃത്തികള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ആരും കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



