കുവൈത്ത് സിറ്റി– കുവൈത്തിൽ വൻതോതിലുള്ള പൗരത്വ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ഡിഎൻഎ പരിശോധനയിലാണ് ഇത്തരത്തിൽ നിരവധി സംഭവങ്ങൾ പുറത്തുവന്നത്. പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 440 പേരുടെ പൗരത്വം കൂടി അധികൃതർ റദ്ദാക്കി. മുമ്പും ഇത്തരം കേസിൽ പിടിക്കപ്പെട്ട 620 പേരുടെ പൗരത്വം റദ്ധാക്കിയിരുന്നു. ഇതോടെ ഈ കേസിൽ പൗരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം 1060 ആയി ഉയർന്നു.
ഈ കേസിൽ വ്യാജരേഖകളുടെ വലിയ ശൃംഖല തന്നെ നിലനിൽക്കുന്നതായി അധികൃതർ അറിയിച്ചു. ഓരോ കണ്ടെത്തലും നയിച്ചത് ഓരോ തട്ടിപ്പിലേക്കാണ്. 1940ൽ ജനിച്ച ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാത്രം 440 പേരെ പിടികൂടിയിട്ടുണ്ട്. രേഖകളിൽ ഇയാൾക്ക് 22 മക്കളുണ്ടെന്നാണ് കാണിക്കുന്നത്. എന്നാൽ, ഇതിൽ ഏഴ് പേർ വ്യാജ രേഖകൾ ചമച്ചവരും തെറ്റായ തിരിച്ചറിയൽ രേഖകൾ കൈവശമുള്ളവരുമാണ്. ഇതിലെ പിതാവ് തന്നെ വ്യാജരേഖ ചമച്ചയാളാണെന്നും മറ്റ് വ്യാജരേഖ ചമച്ചവരെ തന്റെ മക്കളായി റജിസ്റ്റർ ചെയ്യുകയായിരുന്നു എന്നും അധികൃതർ പറഞ്ഞു. ഇവരെല്ലാം 1940കളുടെ അവസാനം മുതൽ 1950കളുടെ തുടക്കം വരെ വ്യത്യസ്ത ജനനത്തീയതികളും ഉള്ളവരാണെന്ന് കണ്ടെത്തി. ഇതിൽ ഒരു മകനുമായി പിതാവിന് പ്രായം എട്ടു വയസ്സ് മാത്രം കൂടുതൽ ഉണ്ടായിരുന്നത്. കുവൈത്തിൽ സഹോദരങ്ങളായി റജിസ്റ്റർ ചെയ്തിരുന്നെങ്കിലും, ഡിഎൻഎ പരിശോധനയിൽ സത്യം തെളിയുക ആയിരുന്നു.
വ്യാജ പിതാവിന്റെ രേഖകളിൽ 24 പേരെ മക്കളാണെന്നും പറഞ്ഞ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13 പേർ പുരുഷന്മാരാണ്. ഇവർക്ക് 416 കുട്ടികളുള്ളതായും കാണിക്കുന്നുണ്ട്. 2024ൽ സൈനിക രഹസ്യാന്വേഷണ വിഭാഗം വ്യാജരേഖ കേസിൽ ഒരു സൈനികനെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയത്.