കുവൈത്ത് സിറ്റി – കുവൈത്തിലെ പ്രവാസികള്‍ക്ക് തുടര്‍ച്ചയായി വിദേശങ്ങളില്‍ കഴിയാവുന്ന പരമാവധി കാലയളവ് നിര്‍ണയിക്കുന്ന പുതിയ തീരുമാനം കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ചട്ടം അനുസരിച്ച് കുവൈത്തില്‍ താമസിക്കാന്‍ അനുമതിയുള്ള ഏതൊരു പ്രവാസിക്കും രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി ആറു മാസത്തില്‍ കൂടുതല്‍ കാലം താമസിക്കാന്‍ അനുവാദമില്ല. കുവൈത്തി പൗരന്മാര്‍ക്ക് വിദേശികളുമായുള്ള വിവാഹബന്ധത്തില്‍ പിറന്ന്, കുവൈത്ത് പൗരത്വം ലഭിക്കാത്ത മക്കള്‍, പ്രോപ്പര്‍ട്ടി ഉടമകള്‍, വിദേശ നിക്ഷേപകര്‍ എന്നിവര്‍ക്ക് ആറു മാസ പരിധി ബാധകമല്ല.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരമാധി നാലു മാസം വരെ മാത്രമേ തുടര്‍ച്ചയായി കുവൈത്തിന് പുറത്ത് കഴിയാന്‍ സാധിക്കുകയുള്ളൂ. സ്‌പോണ്‍സര്‍ പ്രത്യേക അപേക്ഷ നല്‍കുന്ന പക്ഷം ഈ കാലയളവ് ദീര്‍ഘിപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ നേരിട്ട് സമീപിച്ചോ സഹല്‍ ആപ്പ് വഴി ഇലക്‌ട്രോണിക് ആയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



