കുവൈത്ത് സിറ്റി – ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തിയിടുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഉസ്മാന് അല്‍ഗരീബ്. ഇതിന് 70 ദീനാര്‍ പിഴ ലഭിക്കുമെന്നും അല്‍ഗരീബ് വ്യക്തമാക്കി. ട്രാഫിഗ് സിഗ്നലില്‍ വാഹനം നിര്ത്തിയുന്ന സമയത്തുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഡ്രൈവറുടെ ശ്രദ്ധതിരിക്കാനും, മുന്നോട്ടു നീങ്ങാനുള്ള സിഗ്നൽ ലഭിച്ചാലും വാഹനങ്ങൾ നിശ്ചലമാവുന്ന അവസ്ഥയുമുണ്ടാക്കും. ഇത് വാഹന ഗതാഗതം തടസ്സപ്പെടുത്തും.
ഇത്തരം നിയമ ലംഘനങ്ങള്‍ നിരീക്ഷണ ക്യാമറകള്‍ വഴി ആഭ്യന്തര മന്ത്രാലയത്തിലെ സെന്‍ട്രല്‍ കണ്ട്രോള് റൂം നിരീക്ഷിച്ച് റെക്കോര്‍ഡ് ചെയ്ത് നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുമെന്ന് കേണല്‍ അല്‍ഗരീബ് വ്യക്തമാക്കി. വാഹനമോടിക്കുന്നവർ ഗതാഗത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും അല്‍ഗരീബ് കൂട്ടിച്ചേർത്തു.