കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുവൈത്ത് പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് ഭരണാധികാരി ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് ജാബിര്‍ അല്‍ സബാഹ് പ്രധാനമന്ത്രി മോഡിക്ക് സമ്മാനിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്കാണ് ഈ അംഗീകാരം. ഞായറാഴ്ച രാവിലെ കുവൈത്ത് അമീറിന്റെ ഔദ്യോഗിക വസതിയായ ബയാന്‍ പാലസിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രി മോഡിയേയും ഇന്ത്യന്‍ പ്രതിനിധി സംഘത്തേയും അമീര്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയും അമീറും തമ്മില്‍ കൂടിക്കാഴ്ചയും നടന്നു. ഉഭയകക്ഷി ബന്ധങ്ങള്‍ക്കു പുറമെ മേഖലയിലേയും രാജ്യാന്തര സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹ്‌മദ് അല്‍ സബാഹ്, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ്, ഉന്നത ഉദ്യോഗസ്ഥരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.