കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കുവൈത്ത് കര്‍ശനമാക്കി. നിലവില്‍ ഫാമിലി വിസ ഉള്ളവരുടെ ചട്ട ലംഘനങ്ങളും പരിശോധിക്കുന്നുണ്ട്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പ്രവാസികളെയാണ് കുവൈത്ത് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നേരിട്ട് വിളിച്ചുവരുത്തിയത്. ഫാമിലി വിസ പദവി ശരിയാക്കാന്‍ ഇവര്‍ക്ക് ഒരു മാസം സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ ഈ സമയ പരിധിക്കകം കുടുംബത്തെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണെന്നാണ് മുന്നറിയിപ്പ്.
പ്രതിമാസം 800 കുവൈത്തി ദിനാറിനു മുകളില്‍ ശമ്പളം ഉള്ളവര്‍ക്കാണ് കുവൈത്തില്‍ ഫാമിലി വിസ അനുവദിക്കുക. ഈ മാനദണ്ഡം അനുസരിച്ച് ജീവിത പങ്കാളിക്കും മക്കള്‍ക്കും ഫാമിലി വിസ സമ്പാദിക്കാം. ഇങ്ങനെ ഫാമിലി വിസ സ്വന്തമാക്കുകയും പിന്നീട് മാസ വരുമാനം 800 ദിനാറിലും കുറഞ്ഞിട്ടും ഫാമിലി വിസയില്‍ തുടരുകയും ചെയ്യുന്നവരെ പിടികൂടുന്നതിനാണ് പുതിയ നീക്കം.
ശരിയായ ശമ്പള രേഖകള്‍ കാണിച്ച് അപേക്ഷിച്ച് ഫാമിലി വിന നേടിയവരാണെങ്കിലും പിന്നീട് ജോലി മാറ്റം വഴിയൊ ശമ്പളം വെട്ടിക്കുറക്കല്‍ വഴിയോ പ്രതിമാസ വരുമാനം 800 ദിനാറില്‍ കുറഞ്ഞാല്‍ അത്് ഫാമിലി വിസ ചട്ടം ലംഘനമായാണ് കണക്കാക്കുക. പുതിയ ചട്ടം അനുസരിച്ച് ഇങ്ങനെയുള്ളവര്‍ പദവി ശരിയാക്കുകയോ കുടുംബത്തെ തിരിച്ചയക്കുകയോ ചെയ്യണം.
ഫാമിലി വിസ എങ്ങനെ നേടാം
പ്രവാസികള്‍ ആശ്രിതരായി കുവൈത്തിലെത്തിക്കുന്ന കുടംബത്തെ മാന്യമായ ജീവിത നിലവാരമനുസരിച്ച് പോറ്റാന്‍ ആവശ്യമായ ചെലവുകള്‍ പഠിച്ചാണ് 800 ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം എന്ന മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. ഈ മാനദണ്ഡം പാലിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ഫാമിലി വിസക്ക് അപേക്ഷിക്കാവുന്നതാണ്. അവരുടെ രാജ്യമോ, വിദ്യാഭ്യാസ യോഗ്യതയോ പ്രശ്‌നമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
നേരത്തെ 800 ദിനാര്‍ ശമ്പളവും, ഡിഗ്രി വിദ്യാഭ്യാസമുള്ളവരും, യോഗ്യതയ്ക്ക് അനുസരിച്ചുള്ള പ്രൊഫഷനിലുള്ളവര്‍ക്കും മാത്രമായിരുന്നു ഫാമിലി വിസ അനുവദിച്ചിരുന്നത്. 2024 ജൂലൈയില്‍ 800 ദിനാര്‍ എന്ന മാനദണ്ഡം നിലനിര്‍ത്തുകയും വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.