കുവൈത്ത് സിറ്റി – ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്ന അനൗദ്യോഗികവും അജ്ഞാതവുമായ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് മുഴുവന്‍ ജീവകാരുണ്യ സംഭാവന ശേഖരണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സല്‍കീര്‍ത്തി സംരക്ഷിക്കാനും ദാതാക്കളുടെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നത് ഉറപ്പാക്കാനും സംഭാവന ശേഖരണ സംവിധാനങ്ങള്‍ പുനഃക്രമീകരിക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സംഭാവന ശേഖരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
നിയമ ലംഘകര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. വഞ്ചനക്കും ചൂഷണത്തിനും ഇരയാകളാതിരിക്കാന്‍ ഔദ്യോഗികവും അറിയപ്പെടുന്നതും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സംഭാവനകള്‍ നല്‍കാവൂ എന്ന് സ്വദേശികളോടും വിദേശികളോടും സാമൂഹികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.