കുവൈത്ത് സിറ്റി – കുവൈത്തില്‍ നിന്ന് പുറത്തുപോകാന്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഇന്നലെ (ചൊവ്വ) മുതല്‍ നടപ്പാക്കാന്‍ തുടങ്ങി. എക്‌സിറ്റ് പെര്‍മിറ്റ് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പായി പെര്‍മിറ്റിനുള്ള 36,000 അപേക്ഷകള്‍ ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. പ്രവാസി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അവരുടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകളില്‍ നിന്നാണ് എക്‌സിറ്റ് പെര്‍മിറ്റ് നേടേണ്ടത്. ഇഖാമ നിയമത്തിലെ പതിനെട്ടാം വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.
സഹില്‍ ഇന്‍ഡിവിജ്വല്‍സ് ആപ്പ് വഴിയാണ് രാജ്യം വിടാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് പ്രവാസി തൊഴിലാളികള്‍ മുന്‍കൂട്ടി സ്‌പോണ്‍സര്‍മാരില്‍ നിന്ന് നേടേണ്ടത്. എക്‌സിറ്റ് പെര്‍മിറ്റിനുള്ള തൊഴിലാളികളുടെ അപേക്ഷകള്‍ തൊഴിലുടമകളും കമ്പനികളും അസ്ഹല്‍ കമ്പനീസ് സര്‍വീസ് വഴി അംഗീകരിക്കല്‍ നിര്‍ബന്ധമാണ്.
എക്‌സിറ്റ് പെര്‍മിറ്റ് സര്‍വീസ് വാരാന്ത്യങ്ങളിലടക്കം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. പുതിയ നടപടിക്രമം തൊഴില്‍ വിപണി നിയമം ശക്തമാക്കുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുകയും ചെയ്യുന്നതായി അതോറിറ്റി പറഞ്ഞു. പുതിയ വ്യവസ്ഥ കുവൈത്തില്‍നിന്ന് പുറത്തുപോകുന്ന വിദേശികളുടെ എണ്ണത്തില്‍ യാതൊരു കുറവുമുണ്ടാക്കിയിട്ടില്ലെന്ന് കുവൈത്ത് എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്ന ശേഷം ആദ്യമായി കുവൈത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ച വിമാനം ഇന്ത്യയിലേക്കായിരുന്നു. ഇന്നലെ പുലര്‍ച്ചെ 12.45 നാണ് എയര്‍ ഇന്ത്യ വിമാനം കുവൈത്ത് എയര്‍പോര്‍ട്ട് വിട്ടത്. രണ്ടാമത്തെ വിമാനവും ഇന്ത്യയിലേക്കായിരുന്നു.
കുവൈത്ത് വിടാന്‍ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാണെന്നും പെര്‍മിറ്റില്ലാത്തവരുടെ യാത്ര മുടങ്ങുമെന്നും ഇങ്ങിനെ യാത്ര മുടങ്ങിയാല്‍ യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കില്ലെന്നും ചില വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എക്‌സിറ്റ് പെര്‍മിറ്റ്, വിസ, പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യാത്രക്കാര്‍ക്കാണെന്നും വിമാന കമ്പനികള്‍ പറഞ്ഞു. യാത്ര റദ്ദാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുമ്പു തന്നെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിമാന കമ്പനികള്‍ ആവശ്യപ്പെട്ടു.


കുവൈത്തിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ രാജ്യം വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ന്യായമായ സന്തുലിതാവസ്ഥ കൈവരിക്കാനുമാണ് പുതിയ എക്‌സിറ്റ് പെര്‍മിറ്റ് നിയമം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. പ്രവാസി തൊഴിലാളികള്‍ക്ക് സഹില്‍ ആപ്പ് വഴി എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സാധിക്കും.
മൊബൈല്‍ ഫോണിലെ സഹില്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുക, ഭാഷ തിരഞ്ഞെടുക്കുക, സേവനങ്ങള്‍ എന്നതില്‍ ടാപ്പ് ചെയ്യുക, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ബന്ധപ്പെട്ട സേവന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക, ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് എക്‌സ്പാട്രിയേറ്റ് ലേബര്‍ സര്‍വീസ് തെരഞ്ഞെടുക്കുക, എക്‌സിറ്റ് പെര്‍മിറ്റ് ഇഷ്യു ചെയ്യല്‍ എന്നതില്‍ ടാപ്പ് ചെയ്യുക, ഔദ്യോഗിക എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷാ ഫോം പൂരിപ്പിക്കുക എന്നീ നടപടികള്‍ പൂര്‍ത്തിയാക്കാണ് എക്‌സിറ്റ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷാ ഫോമില്‍ പൂര്‍ണ പേരും സിവില്‍ ഐഡിയും തൊഴിലുടമയുടെ വിവരങ്ങളും രാജ്യം വിടാന്‍ ഉദ്ദേശിക്കുന്ന തീയതിയും പ്രതീക്ഷിക്കുന്ന മടക്ക തീയതിയും നല്‍കണം. അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷ തൊഴിലാളികളുടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമക്ക് പരിശോധനക്കും അംഗീകാരത്തിനുമായി ഇലക്‌ട്രോണിക് ആയി അയച്ചുനല്‍കും. തുടര്‍ന്ന് ആപ്പില്‍ അപേക്ഷയുടെ നില നിരീക്ഷിക്കണം. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ തൊഴിലുടമകള്‍ അപേക്ഷയുമായി പ്രതികരിക്കല്‍ നിര്‍ബന്ധമാണ്.
അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ഡിജിറ്റലായി ഇഷ്യു ചെയ്യും. ഇത് തൊഴിലാളിയെ വിദേശ യാത്ര ചെയ്യാന്‍ അനുവദിക്കുന്നു. കുവൈത്തില്‍ തൊഴില്‍, ഭരണ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമാണ്. നിയമപരമോ ഭരണപരമോ ആയ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ തൊഴിലുടമകളും തൊഴിലാളികളും പുതിയ പ്രക്രിയ പാലിക്കണം. ഓട്ടോമേറ്റഡ് പ്ലാറ്റ്ഫോം വേഗത, സുതാര്യത, കൃത്യത എന്നിവ ഉറപ്പാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്ഥിരീകരിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫിന്റെ നിര്‍ദേശാനുസരണമാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ റബാഹ് അല്‍ഉസൈമി പറഞ്ഞു. എക്‌സിറ്റ് പെര്‍മിറ്റില്‍ ക്യു.ആര്‍ കോഡ് അടങ്ങിയിരിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ആധികാരികത ഉറപ്പുവരുത്താന്‍ എയര്‍പോര്‍ട്ട് അടക്കം രാജ്യം വിടുന്ന അതിര്‍ത്തി പോസ്റ്റുകളില്‍ വെച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം. പ്രിന്റൗട്ടിനു പകരം ഓഫീഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇലക്‌ട്രോണിക് ആയി എക്‌സിറ്റ് പെര്‍മിറ്റ് ഹാജരാക്കിയാലും മതി. ഈ സേവനം തൊഴിലാളികളെയും തൊഴിലുടമകളെയും നേരിട്ടുള്ള ലങ്കില്‍ ബന്ധിപ്പിക്കുന്നതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനും അംഗീകാരം ലഭിക്കാനും ഏതാനും മിനിറ്റുകള്‍ മാത്രമാണ് എടുക്കുക. അപേക്ഷകള്‍ പരിശോധിക്കാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇടപെടില്ലെന്നും റബാഹ് അല്‍ഉസൈമി പറഞ്ഞു.