കുവൈത്ത് സിറ്റി – കൊടും ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നും കുവൈത്തില്‍ ശിയാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടെന്നും ആരോപിച്ച് കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത മൂന്നു പ്രവാസികളെ കുവൈത്ത് ക്രിമിനല്‍ കോടതി കുറ്റവിമുക്തരാക്കി. മൂന്ന് തുനീഷ്യന്‍ പൗരന്മാരാണ് കുറ്റവിമുക്തരാക്കപ്പെട്ടത്. രാജ്യത്തെ ശിയാ ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദ സംഘത്തെ അറസ്റ്റ് ചെയ്തതായും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മൂന്നംഗ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം കുവൈത്ത് ദേശീയ സുരക്ഷാ ഏജന്‍സി സംഘത്തിന്റെ പദ്ധതി പരാജയപ്പെടുത്തിയതായും അറബ് വംശജരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അന്ന് പറഞ്ഞിരുന്നു.
ഐ.എസ് പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിച്ചതിനും അറബ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയതിനും കുവൈത്തില്‍ ഒരു കനേഡിയന്‍ പൗരനെ മറ്റൊരു കേസില്‍ കഴിഞ്ഞ മാസം പത്തു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കുവൈത്തില്‍ ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിരോധിത ഗ്രൂപ്പില്‍ ചേര്‍ന്നതിനും സോഷ്യല്‍ മീഡിയ വഴി ഗ്രൂപ്പില്‍ ചേരാന്‍ ആഹ്വാനം ചെയ്തതിനും പ്രതിക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.
കനേഡിയന്‍ പൗരത്വം നേടിയ അറബ് വംശജനായ പ്രതി തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ വാങ്ങി ഐ.എസില്‍ ചേരാനും അതിലെ അംഗങ്ങളുമായി ആശയവിനിമയം നടത്താനുമായി ടെലിഗ്രാം ആപ്പ് ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് കൈമാറിയെന്ന ആരോപണം നേരിട്ടു.
2015 ല്‍ കുവൈത്തിലെ അല്‍സാദിഖ് മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിനിടെ ഐ.എസ് ഭീകരന്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം കുവൈത്തില്‍ നടന്ന ഇത്തരത്തിലുള്ള ആദ്യ ഭീകരാക്രമണമായിരുന്നു ഇത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളെ 2023 ല്‍ വധശിക്ഷക്ക് വിധിച്ചു. ചാവേര്‍ പോരാളിയെ മസ്ജിദിലേക്ക് കാറില്‍ കൊണ്ടുപോയി ആക്രമണത്തിന് സഹായിച്ചെന്ന ആരോപണമാണ് ഇയാള്‍ നേരിട്ടത്. മറ്റ് അഞ്ചു പ്രതികളെ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതേ കേസില്‍ മറ്റു എട്ടു പ്രതികളെ കോടതി 15 വര്‍ഷം വീതം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.