കുവൈത്ത് സിറ്റി – അമീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലും കുവൈത്ത് പൗരത്വ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരവും മൂന്നു പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കി കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടു. അബ്ദുല്ല മുഹമ്മദ് സഈദ് സാലിം അല്‍അജമി, സഹോദരന് അബ്ദുറഹ്മാന് മുഹമ്മദ് സഈദ് സാലിം അല്‍അജമി, ഖാലിദ് മശാഫി അവദ് മസ്ഊദ് അല്‍അജമി എന്നിവരുടെ പൗരത്വമാണ് റദ്ദാക്കിയത്.
ഇവര്‍ക്ക് കുവൈത്ത് പൗരത്വം ലഭിച്ചതിന്റെ ഫലമായി മക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് ലഭിച്ച പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും കുവൈത്തില്‍ നിരവധി പേരുടെ പൗരത്വം റദ്ദാക്കിയിരുന്നു. വ്യാജ രേഖകളും വിവരങ്ങളും സമര്‍പ്പിച്ച് പൗരത്വം നേടിയവരുടെ കേസുകള്‍ വിശദമായി പഠിക്കാനും അനധികൃതമായി പൗരത്വം സമ്പാദിച്ചവരുടെ പൗരത്വം റദ്ദാക്കാനുമുള്ള ശക്തമായ നടപടികള്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.