കുവൈത്ത് സിറ്റി – രാജ്യത്തെ എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും ഫീസുകള്‍ പണമായി ഈടാക്കുന്നത് ആരോഗ്യ മന്ത്രാലയം പൂര്‍ണ്ണമായും വിലക്കി. അംഗീകൃത ബാങ്കിംഗ് ചാനലുകളിലൂടെയും ഇലക്ട്രോണിക് പേയ്മെന്റ് രീതികളിലൂടെയും മാത്രമേ ഫീസ് ഈടാക്കാവൂ എന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ആരോഗ്യ മേഖലയില്‍ സാമ്പത്തിക ഭരണവും നിയന്ത്രണ മേല്‍നോട്ടവും മെച്ചപ്പെടുത്താനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍, ലബോറട്ടറികള്‍, ഹോം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ലൈസന്‍സുള്ള എല്ലാ സ്വകാര്യ ആരോഗ്യ മേഖലാ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.
സുതാര്യത ശക്തിപ്പെടുത്താനും സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ ഡോക്യുമെന്റേഷന്‍ ഉറപ്പാക്കാനും രോഗികളുടെയും ആരോഗ്യ സേവന ദാതാക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ഫീസ് പിരിവ് നടപടിക്രമങ്ങളില്‍ അച്ചടക്കവും ഉത്തരവാദിത്തവും മെച്ചപ്പെടുത്തലും ഈ നീക്കത്തിന്റെ ലക്ഷ്യമാണ്. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സര്‍ക്കുലര്‍ ഉടനടി പാലിക്കണമെന്നും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍ സജീവമാക്കുന്നതിന് ആവശ്യമായ നിയന്ത്രണ, സാങ്കേതിക നടപടികള്‍ സ്വീകരിക്കണമെന്നും അംഗീകൃത ചട്ടങ്ങള്‍ പാലിക്കുന്നതിനൊപ്പം തടസ്സമില്ലാത്ത ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ തീരുമാനം ആരോഗ്യ സ്ഥാപനങ്ങള്‍ പാലിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും നിയമ ലംഘനങ്ങളില്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.



