കുവൈത്ത് സിറ്റി – പെരുന്നാള്‍ അവധിക്കാലത്ത് കുവൈത്തില്‍ നാടകങ്ങള്‍, സംഗീതകച്ചേരികള്‍, വിവാഹാഘോഷങ്ങള്‍ എന്നിവ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് പ്രാബല്യത്തിലുണ്ടാകും. വലിയ ഒത്തുചേരലുകള്‍ പരിമിതപ്പെടുത്താനും സുരക്ഷാ ആവശ്യകതകള്‍ വര്‍ധിപ്പിക്കാനും ഈ മുന്‍കരുതല്‍ നടപടിയിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെയും മേഖലയിലെയും നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സുരക്ഷാ സംഭവവികാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം.
സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും ഏത് അടിയന്തിര സാഹചര്യത്തിലും പ്രതികരിക്കാനുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ കഴിവ് വര്‍ധിപ്പിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഈ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു. ഈ നടപടികള്‍ ലംഘിക്കുന്നത് നിയമ ലംഘകരെ നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കും. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ദേശീയ ഉത്തരവാദിത്തം പ്രകടിപ്പിക്കാനും പൊതുതാല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കാനും എല്ലാവരോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



