കുവൈത്ത് സിറ്റി – ഈ വര്‍ഷത്തെ വേനല്‍ക്കാലം മുതല്‍ കുവൈത്തിലും തൊഴിലാളികള്‍ക്ക് ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് സംരക്ഷണം. കുവൈത്തില്‍ നിര്‍ബന്ധിത മധ്യാഹ്ന വിശ്രമ നിയമം അംഗീകരിച്ചു. അടുത്ത മാസാദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലത്ത് രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലുടമകള്‍ തൊഴിലാളി കൊണ്ട് ജോലി ചെയ്യിക്കുന്നത് വിലക്കുന്ന മന്ത്രിതല തീരുമാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രഖ്യാപിച്ചു. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികളുടെ ഭാഗമായാണിത്.
ചൂട് കൂടുന്നതിനും കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറുന്നതിനുമിടെ തൊഴില്‍ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ശക്തിപ്പെടുത്താനാണ് മധ്യാഹ്ന വിശ്രമ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അല്‍സ്വബാഹ് ആണ് തീരുമാനം പ്രഖ്യാപിച്ചത്.
കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മധ്യാഹ്ന വിശ്രമ സമയത്തില്‍ ഭേദഗതികള്‍ വരുത്താന്‍ പുതിയ നിയമം അതോറിറ്റിക്ക് അധികാരം നല്‍കുന്നതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ റബാബ് അല്‍ഉസൈമി പറഞ്ഞു. പൊടിക്കാറ്റ്, അതിശക്തമായ മഴ, അസാധാരണമായ ചൂട്, ഈര്‍പ്പം, പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, അടിയന്തിര സാഹചര്യങ്ങള്‍ അടക്കം തൊഴിലാളികളുടെ സുരക്ഷക്ക് ഭീഷണിയായ കാലാവസ്ഥാ, പരിസ്ഥിതി സാഹചര്യങ്ങളിലും തൊഴില്‍ വിലക്ക് നടപ്പാക്കിയേക്കും. എമര്‍ജന്‍സി അറ്റകുറ്റപ്പണികള്‍, പബ്ലിക് സര്‍വീസുകള്‍, സുപ്രധാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങി നീട്ടിവെക്കാന്‍ കഴിയാത്ത ചില പ്രത്യേക അടിയന്തിര ടെക്‌നിക്കല്‍ ജോലികളെ പുതിയ തീരുമാനം വിലക്കില്‍ നിന്ന് ഒഴിവാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടുകയും മുഴുവന്‍ തൊഴില്‍ സുരക്ഷാ ആവശ്യകതകളും പാലിക്കുകയും വേണം.
നിയമാനുസൃതമുള്ള തൊഴില്‍ സമയം ലംഘിക്കാതെ, തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമ സ്ഥലങ്ങള്‍, ഫസ്റ്റ് എയിഡ് വസ്തുക്കള്‍, ഉചിതമായ വിശ്രമ സമയം എന്നിവ തൊഴിലാളികള്‍ക്ക് നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കും. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുവൈത്തില്‍ സുസ്ഥിരവും മാനുഷികവുമായ തൊഴില്‍ അന്തരീക്ഷത്തെ പിന്തുണക്കാനും പുതിയ നിയമം പൂര്‍ണമായും പാലിക്കണമെന്ന് സ്ഥാപന ഉടമകളോടും തൊഴിലുടമകളോടും റബാബ് അല്‍ഉസൈമി ആവശ്യപ്പെട്ടു.



