കുവൈത്ത് സിറ്റി – രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണമായ കാലാവസ്ഥയെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാന ഗതാഗതത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള അംഗീകൃത ചട്ടങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും അനുസൃതമായാണ് മൂന്നു വിമാനങ്ങള്‍ ദമാമിലേക്ക് തിരിച്ചുവിട്ടത്.
കാലാവസ്ഥാ പ്രതികൂലമായതിനെ തുടര്‍ന്ന് ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എയര്‍ നാവിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ദാവൂദ് അല്‍ജറാഹ് പറഞ്ഞു. ദൃശ്യപരത 300 മീറ്ററില്‍ താഴെയായതിനാല്‍ ഈജിപ്തിലെ അസ്യൂത്ത് വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനവും കയ്റോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനവും ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനവും ദമാം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടതായി ദാവൂദ് അല്‍ജറാഹ് പറഞ്ഞു.
ഇതിനു വിപരീതമായി, അഹമ്മദാബാദില്‍ നിന്നുള്ള മറ്റൊരു ഇന്‍ഡിഗോ വിമാനം രാത്രി 11:41 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ദുബായില്‍ നിന്നുള്ള കുവൈത്ത് എയര്‍വെയ്സ് വിമാനത്തിനും രാത്രി 11:06 ന് ലാന്റ് ചെയ്യാന്‍ കഴിഞ്ഞു. ഞായറാഴ്ച രാത്രിയിലെ കഠിനമായ കാലാവസ്ഥയെ തുടര്‍ന്ന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചതായി കുവൈത്ത് എയര്‍ നാവിഗേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പൊടിക്കാറ്റ് വീശുന്നതായി ഉപഗ്രഹ ചിത്രങ്ങളും റഡാറും കണ്ടെത്തിയതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ദരാര്‍ അല്‍അലി പറഞ്ഞു. ചില ഓട്ടോമാറ്റിക് മോണിറ്ററിംഗ് സ്റ്റേഷനുകള്‍ മണിക്കൂറില്‍ 70 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് രേഖപ്പെടുത്തി. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശി. ദൃശ്യപരത 1,000 മീറ്ററില്‍ താഴെയായും ചില പ്രദേശങ്ങളില്‍ പൂജ്യമായും കുറഞ്ഞു – ദരാര്‍ അല്‍അലി പറഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അബുദാബിയില്‍ നിന്ന് റിയാദിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്സ് വിമാനം ബഹ്റൈനിലേക്കും തിരിച്ചുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മേഖലയിലെങ്ങും അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. സൗദി അറേബ്യയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക പ്രവിശ്യകളില്‍ മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റും ഉണ്ടാകുമെന്ന് പ്രവചിച്ചു. റിയാദ്, അല്‍ഖസീം, കിഴക്കന്‍ പ്രവശ്യ, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ് പ്രവിശ്യകളിലും നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്.