കുവൈത്ത് സിറ്റി – മുഖാവരണവും ബുര്‍ഖയും ധരിച്ച് വനിതകള്‍ വാഹനമോടിക്കുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിൽ വാഹനമോടിച്ചാൽ 30 കുവൈത്തി ദീനാര്‍ മുതല്‍ 50 കുവൈത്തി ദീനാര്‍ വരെ പിഴ ലഭിക്കും. കോടതിക്ക് കൈമാറാതെ ട്രാഫിക് പോലീസുമായി അനുരഞ്ജനത്തില്‍ ഒത്തുതീര്‍ക്കുന്ന പക്ഷം 15 കുവൈത്തി ദീനാറാണ് പിഴയായി അടക്കേണ്ടിവരിക. ഈ നിയമ ലംഘനത്തിന് തടവ് ശിക്ഷ ലഭിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാഴ്ചക്ക് പ്രശ്‌നങ്ങളുള്ളവര്‍ ഡ്രൈവിംഗിനിടെ മെഡിക്കല്‍ കണ്ണടകള്‍ ഉപയോഗിക്കാതിരുന്നാലും ഇതേ ശിക്ഷ ലഭിക്കും.
നഗരങ്ങള്‍ക്കകത്ത് കാറുമായി വെറുതെ കറങ്ങിനടക്കുന്നതിനും പുതിയ ട്രാഫിക് നിയമം അനുസരിച്ച് 30 ദീനാര്‍ മുതല്‍ 50 ദീനാര്‍ വരെ പിഴ ലഭിക്കും. കോടതിക്ക് കൈമാറാതെ ഒത്തുതീര്‍ക്കുന്ന പക്ഷം 15 കുവൈത്തി ദീനാറാണ് പിഴയായി അടക്കേണ്ടിവരിക. ഈ നിയമ ലംഘനത്തിനും തടവ് ശിക്ഷ ലഭിക്കില്ല. ന്യായീകരണമില്ലാതെ നഗരങ്ങളില്‍ കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കും.