കുവൈത്ത് സിറ്റി – കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളില്‍ ഏഴു പ്രവാസികളെ കുവൈത്ത് കോടതി ഏഴു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. പ്രതികളായ രണ്ട് യൂറോപ്യന്മാരെയും അഞ്ച് അറബികളെയും ശിക്ഷക്ക് ശേഷം നാടുകടത്താനും കുവൈത്തിലെ പരമോന്നത അപ്പീല്‍ ട്രിബ്യൂണലായ കോര്‍ട്ട് ഓഫ് കാസേഷന്‍ ഉത്തരവിട്ടു. പ്രതികളില്‍ രണ്ട് പേര്‍ നിലവില്‍ കുവൈത്തിലുണ്ട്. ശേഷിക്കുന്നവര്‍ രാജ്യം വിട്ടിട്ടുണ്ട്.
യൂറോപ്പ് ആസ്ഥാനമായുള്ള തട്ടിപ്പ് സംഘത്തിന്റെ ഭാഗമായാണ് പ്രതികള്‍ കുവൈത്തില്‍ പണംവെളുപ്പിക്കലും തട്ടിപ്പുകളും നടത്തിയത്. ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ പേരില്‍ പ്രതികളില്‍ രണ്ട് പേര്‍ ഫോണിലൂടെ ബന്ധപ്പെട്ട് കബളിപ്പിച്ച് 15,7,000 കുവൈത്തി ദീനാര്‍ (5,09,830 ഡോളര്‍) തട്ടിയെടുത്തെന്ന് ആരോപിച്ച് കുവൈത്തി പൗരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് വെളിച്ചത്ത് വന്നത്.
സമീപ കാലത്തായി കുവൈത്ത് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മാസം കുവൈത്ത് കോടതി അഭിഭാഷകനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നേരത്തെ പ്രതിയുടെ അഭാവത്തില്‍ പുറപ്പെടുവിച്ച ആദ്യ വിധി ശരിവെച്ച കോടതി അഭിഭാഷകനോട് 10 ലക്ഷം കുവൈത്തി ദീനാര്‍ പിഴ അടക്കാനും ഇരകള്‍ക്ക് 20 ലക്ഷം കുവൈത്തി ദീനാര്‍ തിരികെ നല്‍കാനും ഉത്തരവിട്ടു. വ്യാജ പദ്ധതികളിലൂടെ കുവൈത്തികളെ കബളിപ്പിപ്പിക്കുകയും നിലവിലില്ലാത്ത അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റതിനും ശിക്ഷിക്കപ്പെട്ട അഭിഭാഷകനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് കുവൈത്തിന് കൈമാറുകയായിരുന്നു.
സ്വത്ത് തട്ടിപ്പ് ആരോപണത്തില്‍ മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാന്‍ നവംബറില്‍ കുവൈത്ത് കോടതി ഉത്തരവിട്ടിരുന്നു. വിശുദ്ധ മക്കയില്‍ ഹറമിനു സമീപം ഹോട്ടല്‍ നിര്‍മാണത്തിനുള്ള നിക്ഷേപമെന്നോണം പത്തു കോടി കുവൈത്തി ദീനാര്‍ മുന്‍ മന്ത്രി വഞ്ചനയിലൂടെ കൈക്കലാക്കിയെന്നും ഈ പണം വെളുപ്പിച്ചെന്നും ഒരു കൂട്ടം പരാതിക്കാര്‍ ആരോപിക്കുകയായിരുന്നു. മുന്‍ മന്ത്രിക്കും വിദേശത്ത് നിക്ഷേപം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മറ്റ് സ്ഥാപകര്‍ക്കും എതിരെ കുവൈത്തില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള 160 ഇരകള്‍ നല്‍കിയ പരാതി പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മന്ത്രിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.