കുവൈത്ത് സിറ്റി – ഗതാഗത തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളിലും ഓഫീസുകളിലും സായാഹ്ന പ്രവൃത്തി സമയം നടപ്പക്കണമെന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും വൈകീട്ട് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന സിവില്‍ സര്‍വീസ് വകുപ്പ് നിര്‍ദേശവുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് വകുപ്പ് മേധാവി ഡോ. ഉസാം സഅദ് അല്‍റബീആന്‍ അവതരിപ്പിച്ച സചിത്ര പ്രദര്‍ശനം മന്ത്രിസഭാ യോഗം വിലയിരുത്തി. സര്‍ക്കാര്‍ ഓഫീസുകളില്‍ സാഹാഹ്ന പ്രവൃത്തി സമയം നടപ്പാക്കണമെന്ന നിര്‍ദേശം അടുത്തിടെ സിവില്‍ സര്‍വീസ് കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.
സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും നടപടിക്രമങ്ങള്‍ സുഗമമാക്കാനും ലളിതമാക്കാനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം സിവില്‍ സര്‍വീസ് കൗണ്‍സില്‍ അംഗീകരിച്ചത്. ഗതാഗതത്തിരക്ക് കുറക്കല്‍, സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉചിതമായ സമയം തെരഞ്ഞെടുക്കാന്‍ ഓപ്ഷനുകള്‍ നല്‍കല്‍ എന്നിവ അടക്കം ഗവണ്‍മെന്റ് വകുപ്പുകളിലെ സായാഹ്ന പ്രവൃത്തി സമ്പ്രദായത്തിന് നിരവധി അനുകൂല ഫലങ്ങളുണ്ട്. ഈ നിര്‍ദേശം നടപ്പാക്കുന്നതുമായി മുന്നോട്ടുപോകാന്‍ സിവില്‍ സര്‍വീസ് വകുപ്പിനെ കുവൈത്ത് മന്ത്രിസഭ ചുമതലപ്പെടുത്തിയതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.