കുവൈത്ത് – കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ-വിസ അനുവദിക്കുന്നുണ്ട്. യോഗ്യരായ പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഓണ്‍ലൈന്‍ ആയി കുവൈത്ത് വിസിറ്റ് വിസക്ക് അപേക്ഷിക്കാന്‍ ഈ സംരംഭം അവസരമൊരുക്കുന്നു.
യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഇഖാമയുള്ളവർക്ക് കുവൈത്തിലേക്ക് ഇ-വിസ ലഭിക്കും. കുവൈത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന തീയതി മുതല്‍ ഇഖാമയില്‍ ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരിക്കണം. കുവൈത്തില്‍ എത്താന്‍ ഉദ്ദേശിക്കുന്ന തീയതി മുതല്‍ പാസ്‌പോര്‍ട്ടില്‍ ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരിക്കണം എന്നിങ്ങനെയാണ് ഇ-വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ. ഓണ്‍-അറൈവല്‍ വിസ ലഭിക്കുന്ന പട്ടികയില്‍ പെടാത്ത ഇന്ത്യ, ഈജിപ്ത്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ലെബനോന്‍, നേപ്പാള്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ജി.സി.സി പ്രവാസികള്‍ക്ക് ഇ-വിസ ലഭിക്കാനാണ് ഇക്കാര്യം ബാധകം. ഡോക്ടര്‍, ലോയര്‍, എന്‍ജിനീയര്‍, ടീച്ചര്‍, ജഡ്ജി, കണ്‍സള്‍ട്ടന്റ്, പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങള്‍, യൂനിവേഴ്‌സിറ്റി അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രസ്-മീഡിയ ജീവനക്കാര്‍, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, ഫാര്‍മസിസ്റ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, ബിസിനസ്മാന്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വാണിജ്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍, മാനേജര്‍മാര്‍, പ്രതിനിധികള്‍, യൂനിവേഴ്‌സിറ്റി ബിരുദധാരികള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട അംഗീകൃത പ്രൊഫഷനലുകളായ ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രമാണ് ഇ-വിസ ലഭിക്കാന്‍ യോഗ്യത.
ഇ-വിസ ലഭിക്കാന്‍ കരിമ്പട്ടികയില്‍ പെടുത്തിയ വ്യക്തി ആകാന്‍ പാടില്ലെന്നും കുവൈത്തിലേക്കുള്ള പ്രവേശനം തടയുന്ന നിയമാനുസൃത നിയന്ത്രണങ്ങള്‍ ബാധകമാക്കിയവരാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പാസ്‌പോര്‍ട്ട് കോപ്പി, ഗള്‍ഫ് രാജ്യങ്ങളിലെ കാലാവധിയുള്ള ഇഖാമ കോപ്പി, മടക്കയാത്രക്കുള്ള റിട്ടേണ്‍ ടിക്കറ്റ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡോ, എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റോ പോലെ പ്രൊഫഷന്‍ സ്ഥിരീകരിക്കാനുള്ള രേഖകള്‍ എന്നിവ ഇ-വിസ അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യണം.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇവിസ, കുവൈത്ത്‌വിസ പോര്‍ട്ടലുകള്‍ വഴിയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം കൃത്യമായി പൂരിപ്പിച്ച ശേഷം ആവശ്യമായ മുഴുവന്‍ രേഖകളും അപ്‌ലോഡ് ചെയ്ത് വിസാ ഫീസ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഓണ്‍ലൈന്‍ ആയി അടക്കണം. അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷ പരിശോധിച്ച് വിസയുമായി ബന്ധപ്പെട്ട അറിയിപ്പ് രജിസ്റ്റര്‍ ചെയ്ത ഇ-മെയിലില്‍ ലഭിക്കും. വിസാ അപേക്ഷ അംഗീകരിച്ച ശേഷം ഇ-വിസ ഇ-മെയില്‍ ചെയ്യും. ഇതിന്റെ കോപ്പിയുടെ പ്രിന്റൗട്ട് എടുത്ത് കുവൈത്തില്‍ എത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം. ഇ-വിസാ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രവൃത്തി ദിവസം എടുക്കും. ഇഷ്യു ചെയ്യുന്ന തീയതി മുതല്‍ 90 ദിവസമാണ് വിസാ കാലാവധി. കുവൈത്തില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 90 ദിവസം വരെ രാജ്യത്ത് തങ്ങാവുന്നതാണ്.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, ഇറാഖ്, പാക്കിസ്ഥാന്‍, യെമന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികള്‍ക്ക് കുവൈത്ത് ഇ-വിസക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ഈ രാജ്യക്കാര്‍ തങ്ങള്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ തൊട്ടടുത്ത കുവൈത്ത് എംബസിയെയോ കോണ്‍സുലേറ്റിനെയോ നേരിട്ട് സമീപിച്ച് കുവൈത്ത് വിസിറ്റ് വിസക്ക് അപേക്ഷിക്കണം.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, കാനഡ, ജപ്പാന്‍ അടക്കം 53 രാജ്യങ്ങളുടെ പൗരന്മാര്‍ക്ക് കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം ഓണ്‍-അറൈവല്‍ വിസ നേടാന്‍ സാധിക്കും. ഓണ്‍-അറൈവല്‍ വിസ ലഭിക്കാന്‍ റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണം. കുവൈത്ത് കരിമ്പട്ടികയില്‍ പെടുത്തിയ ആളായിരിക്കരുത്, പാസ്‌പോര്‍ട്ടില്‍ ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരിക്കണം, കുവൈത്തില്‍ വിമാനമിറങ്ങിയ ശേഷം വിസാ കൗണ്ടറില്‍ കുവൈത്തിലെ താമസസ്ഥലത്തിന്റെ വിലാസം രജിസ്റ്റര്‍ ചെയ്യണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.