കുവൈത്ത് സിറ്റി – കുവൈത്തിൽ പൊതു ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും 360 ഡിഗ്രി കാമറകളും ഉൾപ്പെടെയുള്ള സ്മാർട്ട് സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ മനാൽ അൽ അസ്ഫൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മരുഭൂമി പ്രദേശങ്ങൾ, കാർഷിക മേഖലകൾ, പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിലെ ശുചിത്വം നിരീക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
വൈകീട്ട് ആറു മുതൽ അർദ്ധരാത്രി 12 വരെ മാലിന്യം ശേഖരിക്കുന്നതിനായി സമയം നിശ്ചയിച്ചിട്ടുണ്ട്. ശുചീകരണ കമ്പനികൾ മാലിന്യം നീക്കം ചെയ്യുന്ന സമയപ്പട്ടിക വാഹനങ്ങളിലും ഉപകരണങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
കരാർ വ്യവസ്തകൾ നടപ്പിലാക്കുന്നതിൽ ശുചീകരണ കമ്പനികൾ അശ്രദ്ധ കാണിച്ചാൽ പിഴ ഈടാക്കും. വീട്ടുടമകൾ മാലിന്യം നീക്കം ചെയ്യുന്ന സമയപ്പട്ടിക പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മന്ത്രിതല പ്രമേയം 354 പ്രകാരം നടപടിയെടുക്കാനും നിർദേശമുണ്ട്.