കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക ക്യാമ്പിന് നേരെ നടന്ന അതിശക്തമായ ഡ്രോൺ ആക്രമണത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമാതിർത്തി ലക്ഷ്യമാക്കി വന്ന 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും സൈന്യം കണ്ടെത്തി നശിപ്പിച്ചു. എന്നാൽ, ഏതാനും ഡ്രോണുകൾ സൈനിക ക്യാമ്പിൽ പതിച്ചതോടെയാണ് സൈനികർക്ക് പരിക്കേൽക്കുകയും ക്യാമ്പിലെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തത്.
സൈനിക കേന്ദ്രങ്ങൾക്ക് പുറമെ, ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയുടെ വെയർഹൗസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ഇവിടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ലെന്നത് ആശ്വാസകരമാണ്. ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങൾ കുവൈത്ത് സൈന്യം ശക്തമാക്കിയിട്ടുണ്ട്.
2026 ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം കുവൈത്തിനെതിരെ നടന്ന ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളും സൈന്യം പുറത്തുവിട്ടു. ഇതുവരെ 307 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 616 ഡ്രോണുകളുമാണ് കുവൈത്ത് ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെട്ടത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ സൈന്യം നിർദ്ദേശം നൽകി.



