കുവൈത്ത് സിറ്റി: വൻ മദ്യശേഖരവും ലൈസൻസില്ലാത്ത വെടിയുണ്ടകളുമായി പാകിസ്താൻ പൗരനായ ഡോക്ടറും കുവൈത്തി പൈലറ്റും സുരക്ഷാ വകുപ്പിന്റെ പിടിയിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ഡോ. ഹാഷിം ഖാൻ സർദാദിയുടെ ലഗേജിൽ നിന്ന് 64 വെടിയുണ്ടകൾ കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ, വെടിയുണ്ടകൾ തന്റേതാണെന്നും അവ കുവൈത്തി പൗരനായ വലീദ് ഖാലിദ് അൽ-ഫൈലകാവിയിൽ നിന്ന് ലഭിച്ചതാണെന്നും ഡോക്ടർ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, വിമാന കമ്പനി ജീവനക്കാരനും പൈലറ്റുമായ വലീദിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ വലീദ് കുറ്റം സമ്മതിച്ചതിനെ തുടർന്ന്, പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ വസതിയും വാഹനങ്ങളും പരിശോധിച്ചു.
വലീദിന്റെ വീട്ടിൽ 500 ലൈസൻസില്ലാത്ത വെടിയുണ്ടകളും, അൽ-ശഅബ് അൽ-ബഹ്‌രി പ്രദേശത്തെ മറ്റൊരു വസതിയിൽ 87 കുപ്പി മദ്യവും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി. ഓൺലൈൻ വെബ്‌സൈറ്റുകളിൽ നിന്ന് ഓർഡർ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ മദ്യം നിർമിച്ചതായും ലൈസൻസില്ലാത്ത വെടിയുണ്ടകൾ കൈവശം വച്ചതായും വലീദ് സമ്മതിച്ചു. ഇരുവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.