കുവൈത്ത് സിറ്റി – വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി നൽകിയ കേസിൽ പ്രവാസിയെ കുവൈത്ത് അപ്പീൽ കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതോടെ കേസിൽ ഇതേ ശിക്ഷ ലഭിച്ച പ്രതികളുടെ എണ്ണം അഞ്ചായി.
ജഡ്ജി നാസർ സാലിം അൽഹൈദിന്റെ അധ്യക്ഷതയിൽ ജഡ്ജിമാരായ മുതൈബ് അൽഅറാദിയും മുഹമ്മദ് അൽസാനിഉം അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് പരിശോധനകൾക്കുള്ള രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ച് വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകാൻ വിദേശ തൊഴിലാളികൾക്ക് പ്രതി 200 കുവൈത്തി ദീനാർ ആണ് കൈക്കൂലി നൽകിയത്.
ഇഖാമക്ക് അപേക്ഷിക്കുന്ന വിദേശികളിൽ നിന്ന് കൈക്കൂലി സ്വീകരിച്ച് ബ്ലഡ് സാമ്പിളുകളിൽ കൃത്രിമം കാണിച്ച് വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകിയതിന് 2022 ഫെബ്രുവരിയിൽ മൂന്നു വിദേശ തൊഴിലാളികളെ അപ്പീൽ കോടതി പത്തു വർഷം വീതം തടവിന് ശിക്ഷിച്ചിരുന്നു. രക്തപരിശോധനാ റിസൾട്ടുകളിൽ കൃത്രിമം നടത്തിയതിന് മറ്റൊരു പ്രതിയെ ഇതേ കോടതി 2023 ഡിസംബറിൽ പത്തു വർഷം തടവിന് ശിക്ഷിച്ചു.
ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളാണ് കൃത്രിമം കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പിൽ നിന്ന് ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നാലു വിദേശികളെ അടിയന്തിരമായി വീണ്ടും ഹെപ്പറ്റൈറ്റിസ് സി, ബി, എച്ച്.ഐ.വി, ടി.ബി കൺട്രോൾ യൂനിറ്റിൽ ടി.ബിക്കുള്ള എക്സ്റേ എന്നിവ അടക്കമുള്ള സമഗ്ര മെഡിക്കൽ പരിശോധനക്ക് വിധേയരാക്കി. ഇതിൽ രണ്ടു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും രണ്ടു പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. നാലു പേരുടെയും ടി.ബി പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലൂടെയാണ് ലാബ് ടെസ്റ്റ് റിസർട്ടുകളിൽ കൃത്രിമം നടത്തുന്ന സംഘം അറസ്റ്റിലായത്.
സാമ്പിൾ കളക്ഷൻ കേന്ദ്രത്തിൽ നിന്ന് ലബോറട്ടറിയിലേക്ക് നീക്കം ചെയ്യുന്നതിനിടെ രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ചാണ് സംഘം റിസർട്ടുകളിൽ കൃത്രിമം നടത്തി വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകിയിരുന്നത്.
സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെയും ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെയും പങ്കാളിത്തത്തോടെയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രവാസികളുടെ സ്വന്തം നാട്ടിൽ വെച്ചാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് തട്ടിപ്പ് ആദ്യം നടത്തിയിരുന്നത്.
വ്യാജ ഔദ്യോഗിക സ്റ്റാമ്പുകൾ നിർമിച്ച് ഒരു വനിതയാണ് രോഗബാധിതരായവർക്ക് രോഗമുക്തരാണെന്ന് സ്ഥിരീകരിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിസകൾ സ്റ്റാമ്പ് ചെയ്ത് കുവൈത്തിലെത്തിയ ശേഷം ഇഖാമക്കുള്ള അപേക്ഷക്കൊപ്പം സമർപ്പിക്കാനാണ് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. കേസിൽ പെട്ട മൂന്നു പ്രതികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നാലു പേർ കുവൈത്തിന് പുറത്തേക്ക് രക്ഷപ്പെട്ടതായി വ്യക്തമായി. മുഴുവൻ പ്രതികളെയും ക്രിമിനൽ കോടതി പത്തു വർഷം വീതം തടവിന് ശിക്ഷിച്ചു. പിന്നീട് അപ്പീൽ കോടതിയിൽ പലതവണയായി ഹാജരായ അഞ്ചു പ്രതികളെ അപ്പീൽ കോടതി പത്തു വർഷം വീതം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു.



